മികച്ച ആഗോള കമ്പനികളില്‍ 10 ഇന്ത്യന്‍ സംരംഭങ്ങളും

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 31 മെയ് 2009 (16:29 IST)
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെലികോം സംരംഭമായ ഭാരതി എയര്‍ടെല്‍ എന്നിവയുള്‍പ്പെടെ പത്ത് ഇന്ത്യന്‍ കമ്പനികള്‍ 2009 വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച 500 കമ്പനികളുടെ പട്ടികയില്‍ സ്ഥാനം നേടി. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് വിപണി മൂലധനത്തിന്‍റെ അടിസ്ഥാനത്തില്‍ മികച്ച ആഗോള കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്.

47.25 ബില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പട്ടികയില്‍ എഴുപത്തി അഞ്ചാം സ്ഥാനത്താണ്. ആദ്യ നൂറില്‍ സ്ഥാനം നേടിയ ഏക ഇന്ത്യന്‍ കമ്പനിയും ആര്‍ ഐ എല്‍ ആണ്. കഴിഞ്ഞ വര്‍ഷം ആര്‍ ഐ എല്ലിന്‍റെ സ്ഥാനം 80 ആയിരുന്നു.

ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (120), നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (138), ഭാരതി എയര്‍ടെല്‍ (188), ഇന്‍ഫോസിസ് ടെക്നോളജീസ് (330), ഭാരതി ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (345), ഐടിസി (362), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (372), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (483), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (495) എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ കമ്പനികള്‍.

പട്ടികയില്‍ സ്ഥാനം നേടിയ ഇന്ത്യന്‍ കമ്പനികളുടെ വിപണി മൂലധനം ഇനിപറയുന്ന പ്രകാരമാണ്. ഒഎന്‍ജിസി (32.87 ബില്യണ്‍), എന്‍ടിപിസി (29.29 ബില്യണ്‍ ഡോളര്‍), ഭാരതി എയര്‍ടെല്‍ (23.41 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് (14.95 ബില്യണ്‍ ഡോളര്‍), ഭെല്‍ (14.51 ബില്യണ്‍ ഡോളര്), ഐടിസി (13.75 ബില്യണ്‍ ഡോളര്), എസ്ബിഐ (13.35 ബില്യണ് ഡോളര്‍), ടിസിഎസ് (10.42 ബില്യണ്‍ ഡോളര്‍), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (10.23 ബില്യണ്‍ ഡോളര്).

അമേരിക്കയിലെ പ്രമുഖ ഊര്‍ജ്ജോല്‍പാദകരായ എക്സോന്‍ മൊബൈല്‍ ആണ് പട്ടികയില്‍ ഒന്നാമത്. പെട്രോ ചൈന, വാള്‍ മാര്‍ട്ട് സ്റ്റോര്‍സ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഇന്ത്യന്‍ വംശജരായ ചീഫ് എക്സിക്യുട്ടീവ്മാരുടെ നേതൃത്വത്തിലുള്ള മൂന്ന് അമേരിക്കന്‍ കമ്പനികളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പെപ്സികോ (42), സിറ്റി ഗ്രൂപ്പ് (358), അഡോബ് സിസ്റ്റംസ് (448) എന്നിവയാണവ. 80.12 ബില്യണ്‍ ഡോളറാണ് ഇന്ദ്ര നൂയിയുടെ നേതൃത്വത്തിലുള്ള പെപ്സിക്കോയുടെ വിപണി മൂലധനം. വിക്രം പണ്ഡിറ്റിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ഗ്രൂപ്പിന് 13.85 ബില്യണ്‍ ഡോളറും ശാന്തനു നാരായന്‍റെ നേതൃത്വത്തിലുള്ള അഡോബ് സിസ്റ്റംസിന് 11.21 ബില്യണ്‍ ഡോളറുമാണ് വിപണി മൂലധനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :