ഫോര്‍ഡ് മോട്ടോര്‍സ് ഓസ്‌ട്രേലിയയിലെ കമ്പനി നിര്‍ത്തുന്നു

മെല്‍ബണ്‍| WEBDUNIA|
PRO
PRO
ഫോര്‍ഡ് മോട്ടോര്‍സ് ഓസ്‌ട്രേലിയയിലെ കാര്‍ നിര്‍മ്മാണ കമ്പനി നിര്‍ത്താനുള്ള നടപടികള്‍ തുടങ്ങി. 2016-ഓടു കൂടി പൂര്‍ണ്ണമായും നിര്‍മ്മാണം നിര്‍ത്താനാണു പ്രമുഖ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ തീരുമാനം.

ഓസ്‌ട്രേലിയന്‍ ഡോളര്‍ ശക്തി പ്രാപിച്ചത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചെലവേറിയതാക്കിയതും വിപണനം കുറഞ്ഞതും ഓസ്‌ട്രേലിയന്‍ ഫോര്‍ഡ് നിര്‍മ്മാണകമ്പനിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 600 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ നഷ്ടമുണ്ടായതാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡിനെ പ്രേരിപ്പിച്ചത്.

ഗീലോങ് യൂണിറ്റില്‍ നിന്നും റ്റി കാര്‍ മോഡല്‍ ഇറക്കികൊണ്ടാണ് 1925ല്‍ ഫോര്‍ഡ് ഓസ്‌ട്രേലിയയില്‍ നിര്‍മ്മാണം ആരംഭിച്ചത്. 85 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യത്തിന് ശേഷമാണ് ഫോര്‍ഡ് ഓസ്‌ട്രേലിയയില്‍ നിന്നും പിന്തിരിയാന്‍ ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയയിലെ ഫോര്‍ഡിന്റെ നിര്‍മ്മാണച്ചെലവ് യൂറോപ്പിനെക്കാള്‍ ഇരട്ടിയും ഏഷ്യയെക്കാള്‍ നാലിരട്ടിയുമാണ്.ഓസ്‌ട്രേലിയന്‍ കാര്‍ വ്യവസായ മേഖലയ്ക്ക് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നതുകൊണ്ടാണ് നിര്‍മ്മാണം 2016 വരെയെങ്കിലും നീട്ടിവെക്കാന്‍ തീരുമാനിച്ചതെന്നു ഫോര്‍ഡ് ഓസ്‌ട്രേലിയയുടെ മേധാവി ബോബ് ഗാര്‍സിയാനോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :