പത്ത് രാഷ്ട്രങ്ങളുടെ ആസിയാന്‍ ഉച്ചകോടി ഇന്ന് തായ്‌ലന്‍ഡിലെ പട്ടായയില്‍ നടക്കും. ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രി കമല്‍ നാഥ് പങ്കെടുക്കും.
പതിനഞ്ചാം ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് യോഗത്തിനെത്താത്തത്. ആഗോള സാമ്പത്തിക മാന്ദ്യവും അതിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയുമായിരിക്കും യോഗത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം. നാളെ നടക്കുന്ന 16 രാഷ്ട്രങ്ങളുടെ പൂര്‍വേഷ്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ആസിയാന്‍ രാഷ്ട്രങ്ങള്‍ക്ക് പുറമെ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയാണ് പൂര്‍വേഷ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുക.
ദക്ഷിണ പൂര്‍വേഷ്യയിലെ പത്ത് രാഷ്ട്രങ്ങളും ഇന്ത്യയും ഇതുവരെ സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പുവച്ചിട്ടില്ല. എഫ്ടിഎ അടക്കം ആസിയാന്‍ രാഷ്ട്രങ്ങളുമായുള്ള പുതിയ വ്യാപാര സഹകരണങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.
വ്യാപാരകരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കൃഷിയടക്കമുള്ള ഏതാനും വിഷയത്തില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇതുവരെ അന്തിമതീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടെന്നാണ് കേന്ദ്രത്തിന്‍റെ തീരുമാനമെന്നറിയുന്നു.
ആസിയാനോടൊപ്പം ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാഷ്ട്രങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. അന്താരാഷ്ട്ര നാണ്യ നിധി, ലോക ബാങ്ക്, ഏഷ്യന്‍ ഡിവലപ്മെന്‍റ് ബാങ്ക് എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കുന്നുവെന്നത് ഉച്ചകോടിയെ ശ്രദ്ധേയമാക്കും.