വാഹനങ്ങള്‍ക്ക് എച്ച്‌എം വിലകുറച്ചു

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 7 ജൂലൈ 2009 (14:03 IST)
വലിയ കാറുകള്‍ക്കും വാഹനങ്ങള്‍ക്കും ഉള്ള എക്സൈസ് തീരുവ കുറഞ്ഞതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ലിമിറ്റഡ് വാഹനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. കമ്പനി പുറത്തിറക്കുന്ന സ്പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കാണ് (എസ്‌യു‌വി) വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

എഞ്ചിന്‍ ശേഷി 2,000 സിസിയും അതില്‍ കൂടുതലും ഉള്ള യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന എക്സൈസ് തീരുവ 15,000 രൂപയായി ഇന്നലെ പ്രഖ്യാപിച്ച ബജറ്റില്‍ കുറച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് വലിയ വാഹനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഓരോ വാഹനത്തിനും ആറായിരം രൂപയോളം കിഴിവ് ലഭിക്കും.

‘സ്പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ചുമത്തിയിരുന്ന എക്സൈസ് തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കുറവ് ഞങ്ങളുടെ കസ്റ്റമര്‍മാര്‍ക്കും ലഭിക്കുന്നതിനായി സ്പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില ഞങ്ങള്‍ കുറയ്ക്കുകയാണ്’ - കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പുറത്തിറക്കുന്ന പജേരോ, ഔട്ട്‌ലാന്‍‌ഡര്‍, മൊണ്ടേറോ എന്നീ മോഡലുകള്‍ക്കാണ് വിലക്കുറവ് ബാധകമാവുക.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് പിന്നാലെ, സ്പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ ഇറക്കുന്ന മറ്റ് വാഹനക്കമ്പനികളും വിലക്കുറവ് പ്രഖ്യാപിക്കും എന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :