ഹൂട്ടണ് സംതൃപ്തി

ബാര്‍സലോണ| WEBDUNIA| Last Modified വെള്ളി, 17 ജൂലൈ 2009 (10:36 IST)
നെഹ്‌റു കപ്പിന് മുന്നോടിയായി ബാര്‍സലോണയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ഒരുക്കങ്ങളില്‍ പരിശീലകന്‍ ബോബ് ഹൂട്ടണ്‍ സംതൃപ്തി പ്രകടിപ്പിച്ചു. കളിക്കാരുടെ ശാരീരികക്ഷമതയിലും സമീപനത്തിലും ഹൂട്ടണ്‍ സംതൃപ്തി പ്രകടിപ്പിച്ചതായി ഇന്ത്യന്‍ ടീം മനേജര്‍ പ്രദിപ് ചൌധരി പറഞ്ഞു.

കളിക്കാരുടെ പുരോഗതിയിലും പരിശീലനത്തിലും ഹൂട്ടണ്‍ സംതൃപ്തനാണ്. പരിശീലനത്തിന്‍റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധവെക്കുന്നുണ്ട്. ഓരോ ദിവസവും നടത്തേണ്ട പരിശീലനത്തെക്കുറിച്ച് ഹൂട്ടണ് വ്യക്തമായ പദ്ധതികലുണ്ട്- ചൌധരി പറഞ്ഞു.

ബാര്‍സലോണയിലെ സൌകര്യങ്ങള്‍ പരമാവധി ഉപയോഗിച്ചാണ് കളിക്കാര്‍ പരിശീലനം നടത്തുന്നതെന്ന് ടീം അംഗമായ റെനഡി സിംഗ് പറഞ്ഞു. ഇവിടുത്തെ സൌകര്യങ്ങള്‍ ലോകത്തിലെ തന്നെ മികച്ചവയില്‍ ഒന്നാണ്. അതിനാല്‍ തന്നെ ഈ പരിശീലനം ഞങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. സൌകര്യങ്ങള്‍ പരമാവധി മുതലെടുക്കാനാണ് ഞങ്ങളുടെ ശ്രമം-റെനഡി പറഞ്ഞു.

അടുത്ത മാസം 18 മുതല്‍ 31 വരെ നടക്കുന്ന ആറ് രാഷ്ട്ര നെഹ്‌റു കപ്പ് ടൂര്‍ണമെന്‍റ് ഒരുക്കങ്ങള്‍ക്കായാണ് ഇന്ത്യന്‍ ടീം ബാര്‍സലോണയില്‍ പരിശീലനം നടത്തുന്നത്. പരിശീലനത്തിന്‍റെ ഭാഗമായി ഈ മാസം 25ന് സ്പാനിഷ് തേര്‍ഡ് ഡിവിഷന്‍ ക്ലബ്ബായ എസ്പൊര്‍ട്ടീവ കാസ്റ്റില്‍‌ഫില്‍‌സുമായി സൌഹൃദ മത്സരം കളിക്കും. 29, ഓഗസ്റ്റ് ഒന്ന്, അഞ്ച് തീയ്യതികളിലാണ് മറ്റ് പരിശീലന മത്സരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :