വീസ നിഷേധം: പിഴയൊടുക്കണം

ലണ്ടന്‍| WEBDUNIA|
ഇസ്രയേലി വനിതാ ടെന്നീസ് താ‍രം ഷഹര്‍ പീറിന് ദുബായ് ഓപ്പണില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിന് സംഘാടകര്‍ പിഴയൊടുക്കണമെന്ന് വനിതാ ടെന്നീസ് അസോസിയേഷന്‍ ഉത്തരവിട്ടു. മൂന്ന് ലക്ഷം യുഎസ് ഡോളര്‍ പിഴയൊടുക്കണമെന്നാണ് ഉത്തരവ്.

ഗാസ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് സുരക്ഷാകാരണങ്ങളാല്‍ പീറിന് യുഎ‌ഇ വീസ നിഷേധിച്ചത്. ഇസ്രയേലിന്‍റെ പുരുഷതാരം ആന്‍ഡിറാമിന് പ്രത്യേക അനുമതി നല്‍കുകയും ചെയ്തിരുന്നു. ഡബ്ലിയുടി‌എയുടെ നിയമങ്ങള്‍ ലംഘിച്ചതിനാ‍ണ് പിഴയെന്ന് ഡബ്ലിയുടി‌എ ടൂര്‍ മേധാവി ലാറി സ്കോട്ട് വ്യക്തമാക്കി.

യുഎ‌ഇയുടെ നീതീകരിക്കാനാകാത്ത നയത്തിന് ഇരയാകുകയായിരുന്നു പീറെന്ന് അവര്‍ പറഞ്ഞു. ഒരു തരത്തിലുമുള്ള വേര്‍തിരിവിനെ വനിതാ ടെന്നീസ് അസോസിയേഷന്‍ പ്രോത്സാഹിപ്പിക്കില്ലെന്നതിന്‍റെ മുന്നറിയിപ്പാണ് ഉത്തരവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു‌എ‌ഇയിലോ മറ്റൊരിടത്തോ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ലാറി പറഞ്ഞു.

പീറിന് ഒരു ടൂര്‍ണമെന്‍റില്‍ നിന്ന് ലഭിക്കുന്ന ശരാശരി പ്രതിഫലമായ 44,250 യുഎസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കുമെന്ന് ഡബ്ലിയുടി‌എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പീറിന് വിസ നിഷേധിച്ച തീരുമാനത്തെ വിവിധ രാജ്യങ്ങളിലെ കായിക മേധാവികളും വിമര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :