വില്യംസ് ജോഡികള്‍ തിരിച്ചുവരുന്നു

tennis
ANIANI
ടെന്നീസില്‍ കറുപ്പിന്‍റെ കരുത്ത് ‍തുറന്നു കാട്ടിയ വില്യംസ് സഹോദരിമാര്‍ മടങ്ങിവരുന്നു. ഒറ്റയ്‌ക്ക് കാര്യമായ വിജയങ്ങള്‍ രചിക്കാന്‍ കഴിയാഞ്ഞതിനാല്‍ പുതിയ സീസണില്‍ ഒന്നിച്ചു പോരാടാനാണ് ഇരുവരുടെയും തീരുമാനം. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഇരുവരും ഉള്‍പ്പെട്ട ടീം മത്സരിക്കും.

ഓസ്ട്രേലിയയില്‍ അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ച് മത്സരത്തിനെത്തുന്നത്. ഇരുവരും ചേരുന്നത് വന്‍ ശക്തിയാണെന്നു പല തവണ തെളിയിച്ചിട്ടുള്ള വില്യംസ് സഹോദരങ്ങള്‍ ഒന്നിച്ചു പരിശീലനത്തിലും പ്രദര്‍ശന മത്സരങ്ങളിലും മാത്രമാണ് അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നത്.

ഡബിള്‍സില്‍ ആറു കിരീടം പേരിലുള്ള സഹോദരീ സഖ്യത്തിന് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കണമെങ്കില്‍ വൈല്‍ഡ് കാര്‍ഡ് പ്രവേശനം വേണ്ടി വരും. അടുത്ത കാലത്ത് ഒരു മത്സരങ്ങളില്‍ പോലും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് റാങ്കിംഗില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല. മെല്‍ബണിലും വിംബിള്‍ഡണിലും രണ്ടു തവണ വീതം കിരീടം നേടിയിട്ടുള്ള സഖ്യം ഫ്രഞ്ച് ഓപ്പണിലും യു എസ് ഓപ്പണിലും ഒരോ കിരീടം നേടിയിട്ടുണ്ട്.

വനിതകളുടെ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സില്‍ നാലു കിരീടങ്ങളും നേടിയിട്ടുള്ള അഞ്ചു സഖ്യങ്ങളില്‍ ഒന്നായ വീനസ്-സറീന സഖ്യം 2000 സിഡ്നി ഒളിമ്പിക്‍സിലെ ഗോള്‍ഡ് മെഡലിസ്റ്റുകള്‍ കൂടിയാണ്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇവര്‍ അവസാനമായി കിരീടം നേടിയത് 2003 ലായിരുന്നു. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണില്‍ രണ്ടാം റൌണ്ടില്‍ കടന്നിരുന്നെങ്കിലും സറീനയ്‌ക്ക് പരുക്കു പറ്റിയതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും പിന്‍‌മാറി.

ന്യൂയോര്‍ക്ക്; | WEBDUNIA| Last Modified വ്യാഴം, 15 നവം‌ബര്‍ 2007 (12:00 IST)
ഈ വര്‍ഷം വിംബിള്‍ഡണില്‍ വീനസ് കിരീടം നേടിയപ്പോള്‍ സറീന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇതേ നേട്ടം നടത്തി. ജനുവരി 14 മുതല്‍ 27 വരെ മെല്‍ബണിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. വില്യംസ് സഹോദരിമാര്‍ നെറ്റിന്‍റെ ഒരു വശത്ത് പോരാട്ടം നടത്തുന്നതു തന്നെ മഹത്തായ ഒരു കാഴ്ചയായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ ഡയറക്ടര്‍ ക്രയ്‌ഗ് ടിലി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :