യുണൈറ്റഡ് ഇന്‍ററിനെ പറത്തി

ഓള്‍ഡ് ട്രഫോര്‍ഡ്| WEBDUNIA|
സീസണിലെ അഞ്ച് കിരീടങ്ങളും നേടുകയെന്ന മാഞ്ചെസ്റ്ററിന്‍റെ സ്വപ്നത്തോട് ചെമ്പട ഒരുപടി കൂടി അടുത്തു. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്‍റര്‍ മിലാനെ മുട്ടുകുത്തിച്ച് അവര്‍ ക്വാര്‍ട്ടറിലെത്തി.

ക്രിസ്റ്റിയാനോ റൊണാള്‍ഡൊയും നിമാഞ്ചാ വിഡികുമാണ് വിജയഗോളുകള്‍ നേടിയത്. നാലാം മിനുട്ടിലായിരുന്നു വിഡിക്കിന്‍റെ ആദ്യഗോള്‍. ഇതോടെ ഇന്‍ററിന്‍റെ കുട്ടികള്‍ പകച്ചു. രണ്ടാം പകുതിയുടെ നാലാം മിനുട്ടില്‍ ക്രിസ്റ്റിയാനോയും വലകുലുക്കിയതോടെ ജോസ് മൌറീഞ്ഞോയുടെ പടക്കുതിരകളുടെ വീഴ്ച്ച പൂര്‍ണ്ണമായി.

ആദ്യപകുതിയില്‍ തന്നെ മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായതായി മാഞ്ചസ്റ്ററിന്‍റെ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസണ്‍ പറഞ്ഞു. അതേസമയം പരാജയകാരണം വിശദമായി വിലയിരുത്തുമെന്ന് ഇന്‍റര്‍ കോച്ച് മൌറീഞ്ഞോ പറഞ്ഞു. മറ്റൊരു മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൌട്ടിലൂടെ എ‌എസ് റോമയെ പരാജയപ്പെടുത്തി ആര്‍സനലും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :