ഫോര്‍മുല വണ്‍: ടൊയോട്ടയും പിന്‍‌മാറുന്നു?

ടോക്കിയോ| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (15:16 IST)
PRO
ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ നിന്ന് ടൊയോട്ടയും പിന്‍‌മാറാന്‍ ആലോചിക്കുന്നു. ജപ്പാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടീം മേധാവിയെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് ടൊയോട്ടയെയും കടുത്ത തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്.

ചെലവിന്‍റെ കാര്യം കണക്കിലെടുക്കുമ്പോള്‍ ഫോര്‍മുല വണ്ണില്‍ നിന്ന് പുറത്തുകടക്കുകയാണ് വഴിയെന്നായിരുന്നു ടീം മേധാവി തദാഷി യമഷിനയുടെ അഭിപ്രായം. ടോക്കിയോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യമഷിന ഇക്കാര്യം സൂചിപ്പിച്ചത്. അധികം പണം ആവശ്യമില്ലാത്തപ്പോഴാണ് ഒരു ഫോര്‍മുല വണ്‍ ടീമിലേക്ക് തിരിയുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിശദാംശങ്ങളൊന്നും യമഷിന വെളിപ്പെടുത്തിയില്ല.

ജപ്പാനിലെ ആഗോള കാര്‍ നിര്‍മ്മാണഭീമന്‍മാരായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍റേതാണ് ടൊയോട്ട ടീം. 2002 ല്‍ ഫോര്‍മുല വണ്ണില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒരു റെയ്സില്‍ പോലും ടോയോട്ടയ്ക്ക് ഒന്നാമതെത്താനായിട്ടില്ല. കഴിഞ്ഞ വര്‍ഷവും ടീ‍മിന്‍റെ നടത്തിപ്പിനായി ബജറ്റില്‍ 300 മില്യന്‍ ഡോളര്‍ കമ്പനി വകയിരുത്തിയിരുന്നു.

ടൊയോട്ടയുടെ മുഖ്യ എതിരാളികളായിരുന്ന ഹോണ്ട ഈ സീസണിന് മുമ്പ് ടീമിനെ വിറ്റിരുന്നു. ഹോണ്ടയുടെ ടീം പ്രിന്‍സിപ്പല്‍ ആയിരുന്ന റോസ് ബ്രൌണാണ് ടീമിനെ ഏറ്റെടുത്തത്. പിന്നീട് ബ്രൌണ്‍ ജി പി യെന്ന് പേരുമാറ്റിയ ടീം ഇക്കുറി സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :