ടിര്‍ക്കിക്ക് പ്രചോദനം ഗാംഗുലി

ന്യൂഡല്‍ഹി| WEBDUNIA|
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൌരവ് ഗാംഗുലിയെ മാതൃകയാക്കി തിരിച്ച് വരവിന് ശ്രമിക്കുമെന്ന് ദേശീയ ഹോക്കി ടീമിന്‍റെ സാധ്യത പട്ടികയില്‍ ഇടം നേടാനാകാതെ പോയ മുന്‍ നായകന്‍ ദിലീപ് ടിര്‍ക്കി. ദേശീയ ഹോക്കിയുടെ താല്‍ക്കാലിക സെലക്ഷന്‍ സമിതി അടുത്ത നാല് വര്‍ഷത്തെ വിവിധ ടൂര്‍ണമെന്‍റുകള്‍ക്കായി പ്രഖ്യാപിച്ച 48 അംഗ സാധ്യതാ പട്ടികയില്‍ നിന്നാണ് ടിര്‍ക്കിയെ ഒഴിവാക്കിയത്.

തന്നെ ഒഴിവാക്കിയതില്‍ അത്ഭുതം പ്രകടിപ്പിച്ച ടിര്‍ക്കി എന്നാല്‍ പ്രാദേശിക മത്സരങ്ങളിലൂടെ മികവ് തെളിയിച്ച് ദേശീയ ടീമില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സൌരവ് ഗാംഗുലിയാണ് തനിക്ക് പ്രചോദനമെന്നും ടിര്‍ക്കി പറഞ്ഞു. തനിക്കും സൌരവിനും കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഗാംഗുലി നടത്തിയ തിരിച്ചു വരവ് ഏത് കായിക താരത്തിനും എന്ന പോലെ തനിക്കും പ്രചോദനമാണെന്നും ഇന്ത്യന്‍ പ്രതിരോധ നിരയിലെ കരുത്തന്‍ പറയുന്നു.

അസ്‌ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നിന്ന ടിര്‍ക്കി ചെന്നയില്‍ നടന്ന മുരുഗപ്പ കപ്പ് ടൂര്‍ണെമെന്‍റിലൂടെ പ്രാദേശിക മത്സരങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ 210 കോമണ്‍‌വെല്‍ത്ത് ഗെയിംസ്, ലോക കപ്പ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള സാധ്യത പട്ടികയില്‍ നിന്ന് മുപ്പത്കാരനായ മുന്‍‌നായകനെ ഒഴിവാക്കാനായിരുന്നു സെലക്ഷന്‍ സമിതിയുടെ തീരുമാനം.

സാധ്യത പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ഉടനൊന്നും വിരമിക്കല്‍ ആലോചിക്കുന്നില്ലെന്നും ടിര്‍ക്കി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :