ഓസീസിന് സുരക്ഷ ഉറപ്പുനല്‍കിയിരുന്നു

ന്യൂഡല്‍ഹി| WEBDUNIA|
ഓസ്ട്രേലിയന്‍ ടെന്നീസ് ടീമിന് സുരക്ഷ ഉറപ്പു നല്‍കിയിരുന്നതായി കേന്ദ്ര കായിക മന്ത്രി എം‌ എസ് ഗില്‍ പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ ഇന്ത്യയിലെ ഡേവിസ് കപ്പ് മത്സരത്തില്‍ നിന്ന് പിന്‍‌മാറാനുള്ള ഓസ്ട്രേലിയയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

തമിഴ്നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അവര്‍ക്ക് സുരക്ഷ ഉറപ്പുനല്‍‌കിയതാണെന്ന് പറഞ്ഞ ഗില്‍ ഓസ്ട്രേലിയയുടെ തീരുമാനത്തെ അപലപിക്കുകയും ചെയ്തു. തീരുമാനത്തിന് ഒരു ന്യായീകരണവും ഇല്ലെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ കായിക രംഗത്ത് സുരക്ഷാഭീഷണി നേരിടുന്നില്ലെന്നും സുരക്ഷാ ഏര്‍പ്പാടുകള്‍ ഡേവിസ് കപ്പ് കമ്മറ്റി ഉറപ്പുവരുത്തിയതാണെന്നും ഗില്‍ പറഞ്ഞു. മത്സരവേദിയായ ചെന്നൈയില്‍ യാതൊരു ക്രമസമാധാനപ്രശ്നവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത മാസം എട്ട് മുതല്‍ നടക്കേണ്ട ഡേവിസ് കപ്പിലെ ഏഷ്യ ഓഷ്യാനിയ ഗ്രൂപ്പ് 1 മത്സരത്തില്‍ നിന്നാണ് ഓസ്ട്രേലിയ പിന്‍മാറിയത്. ചെന്നൈയില്‍ നിന്നും വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഓസ്ട്രേലിയയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :