ന്യൂഡല്‍ഹി|
Last Updated:
തിങ്കള്‍, 5 ജനുവരി 2015 (11:26 IST)
രാജ്യത്തിന്റെ അഭിമാനമായ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തേക്കും.
ഇതു സംബന്ധിച്ച് സൂചന നല്കുന്ന വാര്‍ത്തകള്‍ കേന്ദ്ര കായികമന്ത്രി പുറത്തുവിട്ടു. തന്നെ പത്മഭൂഷണ് ശുപാര്‍ശ ചെയ്യാത്തതില്‍ സൈന നെഹ് വാള്‍ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം, ഒരു ദിവസം മുമ്പു മാത്രമാണ് പുരസ്കാരത്തിനായുള്ള സൈനയുടെ അപേക്ഷ മന്ത്രാലയത്തിന് ലഭിച്ചതെന്നും അപേക്ഷ തിങ്കളാഴ്ച പരിശോധിക്കുമെന്നും കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഞായറാഴ്ച പറഞ്ഞു. സൈനയ്ക്ക് പത്മഭൂഷണ്‍ നല്കാനുള്ള സാധ്യത സംബന്ധിച്ച് മന്ത്രാലയം വിശദമായി തന്നെ പരിശോധിക്കുമെന്നും പ്രത്യേകമായി തന്നെ സൈനയുടെ പേര് ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഗുസ്തിതാരം സുശീല്‍ കുമാറിന്റെ പേര് നേരത്തെ തന്നെ മന്ത്രാലയം
പത്മഭൂഷണ്‍ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്, പത്മഭൂഷണ്‍ പുരസ്കാരത്തിന് തന്റെ പേര് ശുപാര്‍ശ ചെയ്യാത്തതില്‍ ദു:ഖമുണ്ടെന്ന് സൈന പറഞ്ഞിരുന്നു.
സുശീല്‍കുമാറിനു ബഹുമതിക്ക് അര്‍ഹതയില്ളെന്നും സൈന തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരുന്നു. 2011ല്‍ പത്മശ്രീ സ്വീകരിച്ച സുശീലിനു അഞ്ചു വര്‍ഷത്തിനു ശേഷം മാത്രമേ മറ്റൊരു പത്മ അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയൂ. എന്നാല്‍ 2010ല്‍ പത്മശ്രീ സ്വീകരിച്ച് ഇപ്പോള്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയായ തന്നെ ഇതേ കാരണം പറഞ്ഞ് ഒഴിവാക്കുകയും സുശീലിന് ഈ നിയമത്തില്‍ ഇളവ് നല്കുകയും ചെയ്തെന്നും സൈന പറഞ്ഞിരുന്നു.