ലിവര്‍പൂളിന് തോല്‍‌വി: മാഞ്ചസ്റ്റര്‍ ഒന്നാമന്‍

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2009 (10:14 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിന് തോല്‍‌വി. സണ്ടര്‍ലാന്‍ഡിനോടാണ് ലിവര്‍പൂള്‍ തോല്‍‌വി വഴങ്ങിയത്. മറ്റൊരു മത്സരത്തില്‍ ബോള്‍ട്ടന്‍ വാണ്ടറേര്‍സിനെ കീഴടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

സണ്ടര്‍ലാന്‍ഡിന് വേണ്ടി ഡാ‍രെന്‍ ബെന്‍റ് അഞ്ചാം മിനുട്ടില്‍ നേടിയ ഗോളാണ് ലിവര്‍പൂളിന്‍റെ പ്രതീക്ഷ തകര്‍ത്തത്. സീസണില്‍ ബെന്‍റ് നേടുന്ന എട്ടാം ഗോളായിരുന്നു ഇത്. സീസണില്‍ ലിവര്‍പൂള്‍ കാഴ്ചവെക്കുന്ന ദയനീയ പ്രകടനത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു സണ്ടര്‍ലാന്‍ഡിനെതിരെ അരങ്ങേറിയത്. ഒമ്പത് കളികളില്‍ നാലെണ്ണത്തില്‍ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണവര്‍.

മൈക്കല്‍ ഓവനും അന്‍റോണിയോ വലന്‍സിയയുമാണ് മാഞ്ചസ്റ്ററിന് വേണ്ടി ഗോളുകള്‍ നേടിയത്. അഞ്ചാം മിനുട്ടില്‍ ഒരു ഹെഡ്ഡറിലൂടെയാണ് ഓവന്‍ ചുവന്ന ചെകുത്താന്‍മാരെ മുന്നിലെത്തിച്ചത്. ആദ്യ പകുതി തികയുന്നതിന് മുമ്പ് വലെന്‍സിയ യുണൈറ്റഡിന്‍റെ ലീഡ് ഉയര്‍ത്തി. കളത്തില്‍ ബോള്‍ട്ടന്‍ വാന്‍ഡറേര്‍സിന്‍റെ കളിക്കാര്‍ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.

9 കളികളില്‍ നിന്നായി 22 പോയിന്‍റുമായിട്ടാണ് മാഞ്ചസ്റ്റര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 9 കളികളില്‍ നിന്ന് 21 പോയിന്‍റുള്ള ചെല്‍‌സിയാണ് രണ്ടാം സ്ഥാനത്ത്. 19 പോയിന്‍റുമായി ടോട്ടന്‍ ഹാം മൂന്നാം സ്ഥാനത്തുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :