ജര്‍മനിക്കെതിര തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് കോച്ച് ഫാബിയോ കാപ്പല്ലോയ്ക്കെതിര ഇംഗ്ലീഷ് മാധ്യമങ്ങള്‍ രംഗത്ത്. ലോകകപ്പ് ചരിത്രത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഇംഗ്ലണ്ട് ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് മാധ്യമങ്ങള്‍ നടത്തിയിരിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവനും കോച്ച് കാപ്പല്ലോയ്ക്കാണെന്നും അദ്ദേഹത്തെ തത്സ്ഥാനത്ത് നിന്ന് ഉടന്‍ നീക്കണമെന്നും ഒട്ടുമിക്ക ഇംഗ്ലീഷ് മാധ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
റഫറിയുടെ തെറ്റായ തീരുമാനങ്ങളെയും രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന് സമനില നേടാന്‍ അവസരം ലഭിച്ച ഗോള്‍ റഫറി അംഗീകരിച്ചില്ല. പന്ത് ഗോള്‍ ലൈന്‍ കടന്നതായി ടെലിവിഷന്‍ റീപ്ലേകള്‍ വ്യക്തമായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനം കൊണ്ട് മാത്രമാണ് ഇംഗ്ലണ്ട് തോറ്റതെന്നും ചില മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫിഫ സാങ്കേതിക സേവനം ഉപയോഗപ്പെടുത്തണമെന്ന് ദി സണ്‍ പത്രം ആവശ്യപ്പെട്ടു.
മുപ്പത്തിയെട്ടാം മിനുറ്റില്‍ ലാംപാര്‍ഡിന്റെ ഗോള്‍ നിഷേധിച്ച ഉറുഗ്വെയന്‍ റഫറി ജോര്‍ഗ് ലാറയോണ്ടയുടെ തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം ഇടിച്ചു താഴ്ത്തിയെന്നാണ് ബ്രിട്ടണിലെ പ്രമുഖ പത്രമായ ‘ദി സണ്‍’ ലെ മുഖ്യ തലക്കെട്ട്. ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനുണ്ടായിരുന്ന എല്ലാ സ്ഥാനങ്ങളും കോച്ച് കാപ്പല്ലോയും കളിക്കാരും തകര്‍ത്തെന്നും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.