ആരാധകനെ തല്ലി: ബെല്ലമി വിവാദത്തില്‍

ഓള്‍ഡ് ട്രഫോര്‍ഡ്| WEBDUNIA| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2009 (15:29 IST)
ആരാധകനെ തല്ലിയ സംഭവത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ക്രയാഗ് ബെല്ലമി വിവാദത്തില്‍. ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ ശേഷമായിരുന്നു ആരാധകന് നേര്‍ക്കുള്ള ബെല്ലമിയുടെ രോഷപ്രകടനം.

മാഞ്ചസ്റ്ററിന്‍റെ വിജയം ആഘോഷിക്കാന്‍ ഗ്രൌണ്ടിലിറങ്ങിയ ആരാധകനാണ് ബെല്ലമിയുടെ കൈക്കരുത്ത് അറിഞ്ഞത്. സംഭവത്തിന്‍റെ ചിത്രങ്ങള്‍ പുറത്തായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെങ്കിലും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീ‍സ് അന്വേഷണം ആരംഭിച്ചു.

കളി തീര്‍ന്ന ഉടനെയായിരുന്നു ആരാധകന്‍ ഗ്രൌണ്ടിലേക്ക് ഓടിയിറങ്ങിയത്. ബെല്ലമിയുമായി ഇയാള്‍ കൂട്ടിയിടിച്ചെന്നും ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നും സംശയമുണ്ട്. കളിക്കളം ആരാധകര്‍ കയ്യടക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സിറ്റി കോച്ച് മാര്‍ക്ക് ഹ്യൂഗ്സിന്‍റെ അഭിപ്രായം.

ഗ്രൌണ്ടിലെ പരിധിവിട്ട പെരുമാറ്റത്തിന്‍റെ പേരിലും മറ്റും 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറെ ആരാധകരെ പൊലീസ് ഗ്രൌണ്ടിന് പുറത്താക്കുകയും ചെയ്തു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :