ബൂട്ടിയയ്ക്ക് പക്വത ആയിട്ടില്ലെന്ന് ബെഗാന്‍

കൊല്‍ക്കത്ത| WEBDUNIA| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2009 (13:56 IST)
PRO
ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈച്ചൂങ് ബൂട്ടിയയ്ക്ക് വേണ്ടത്ര പക്വതയായിട്ടില്ലെന്ന് ബൂട്ടിയയുടെ മുന്‍ ക്ലബ്ബായ മോഹന്‍ ബെഗാന്‍. ക്ലബ്ബും ബൂട്ടിയയും തമ്മിലുള്ള വിവാദത്തെക്കുറിച്ച് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ലബ്ബ് സെക്രട്ടറി അഞ്ജന്‍ മിത്രയുടെതാണ് ഈ ആക്ഷേപം.

മോഹന്‍ ബെഗാനിലെ ചിലര്‍ തന്‍റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ബൂട്ടിയയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിയറില്‍ എപ്പോഴെങ്കിലും ഒരു ഭരണനിര്‍വ്വഹണ സംവിധാനത്തിന്‍റെ ഭാഗമാകുകയോ പരിശീലകനാകുകയോ ചെയ്താല്‍ ബൂട്ടിയയ്ക്ക് അച്ചടക്കത്തെക്കുറിച്ച് മനസിലാകുമെന്നും മിത്ര പറഞ്ഞു. അച്ചടക്കം കൂടിയുണ്ടെങ്കിലേ ബൂട്ടിയയുടെ ജീവിതം പൂര്‍ണ്ണമാകൂ എന്നും മിത്ര അഭിപ്രായപ്പെട്ടു.

ബൂട്ടിയയ്ക്കെതിരെ നടപടിയെടുത്തപ്പോഴാണ് ക്ലബ്ബ് അദ്ദേഹത്തിന് മോശമായി തുടങ്ങിയത്. സ്കൂ‍ളില്‍ കര്‍ശന നിലപാടെടുക്കുന്ന അദ്ധ്യാപകര്‍ മോശമാണെന്ന് പറയുന്നത് പോലെയാണിതെന്നും മിത്ര കുറ്റപ്പെടുത്തി. കൊല്‍ക്കത്ത ഫുട്ബോളിലെ അച്ചടക്കമില്ലായ്മയെക്കുറിച്ച് ഫിഫയെ ധരിപ്പിക്കുമെന്നും മിത്ര കൂട്ടിച്ചേര്‍ത്തു.

മോഹന്‍ ബെഗാന്‍ താരമായിരുന്ന ബൂട്ടിയ അച്ചടക്ക ലംഘനം നടത്തിയതായി ചൂണ്ടിക്കാട്ടി ക്ലബ്ബ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ബൂട്ടിയയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ തര്‍ക്കം പരിഹരിക്കാന്‍ ഫിഫ മുന്‍ സോളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര ശരണിനെ ആര്‍ബിട്രേറ്ററായി നിയോഗിക്കുകയും ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാര്യത്തില്‍ അന്തിമ തീരുമാനമാകുന്നത് വരെ ബൂട്ടിയയ്ക്ക് മറ്റ് ക്ലബ്ബുകളില്‍ കളിക്കാമെന്ന് ആര്‍ബിട്രേറ്റര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :