ദ്രോഗ്ബയുടെ ശിക്ഷയില്‍ ഇളവ്

നിയോണ്‍| WEBDUNIA|
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരത്തില്‍ റഫറിയോട് അപമര്യാദയായി പെരുമാറിയതിന് ചെല്‍‌സി താരം ദിദിയര്‍ ദ്രോഗ്ബയെ ശിക്ഷിച്ച നടപടിയില്‍ ഇളവ് വരുത്തി. ദ്രോഗ്ബയ്ക്ക് ഏര്‍പ്പെടുത്തിയ നാല് മത്സരങ്ങളില്‍ നിന്നുള്ള വിലക്ക് മൂന്ന് മത്സരങ്ങളിലേക്കായാണ് യുവേഫ പരിമിതപ്പെടുത്തിയത്. സഹതാരം ജോസ് ബോസ്വിം‌ഗയുടെ ശിക്ഷയും സമാനമായി ഇളവ് ചെയ്തിട്ടുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് മത്സരങ്ങളിലേക്കായാണ് ബോസ്വിം‌ഗയുടെ ശിക്ഷ ഇളവ് ചെയ്തത്.

യുവേഫ നടപടിയില്‍ ചെല്‍‌സി സംതൃപ്തി പ്രകടിപ്പിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണക്കെതിരായ സെമിഫൈനലിനു ശേഷം റഫറി ടോം ഹെന്നിംഗ് ഓവര്‍ബോക്കെതിരെ അസഭ്യം പറഞ്ഞതിനാണ് ദ്രോഗ്ബയ്ക്ക് നാല് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് യുവേഫ അച്ചടക്ക സമിതി വിലക്കേര്‍പ്പെടുത്തിയിരിന്നത്.

റഫറിയെ അപമാനിച്ചതിനും കളിയുടെ അച്ചടക്കത്തിന് ചേരാത്ത രീതിയില്‍ പെരുമാറിയതിന്‍റെയും പേരിലായിരുന്നു ദ്രോഗ്ബയ്ക്കും ബോസ്വിംഗ്വയ്ക്കും എതിരെ യുവേഫ അച്ചടക്ക സമിതി കുറ്റം ചുമത്തിയിരിക്കുന്നത്. മത്സരത്തിനിടെ ചെല്‍‌സി ആരാധകര്‍ ഗ്രൌണ്ടിലേക്ക് കടലാസ് റോക്കറ്റുകള്‍ പായിച്ചതിനും കളിക്കാരുടെ മോശം പെരുമാറ്റത്തിനും എതിരെ ചെല്‍‌സി ഒരു ലക്ഷം യൂറൊ പിഴയൊടുക്കണമെന്നും യുവേഫ വിധിച്ചിരുന്നു.

മെയ് ആറിന് ചെല്‍‌സിയുടെ സ്വന്തം ഗ്രൌണ്ടായ സ്റ്റാം‌ഫോര്‍ഡ് ബ്രിജില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിന്‍റെ രണ്ടാം പാദ സെമിയില്‍ ചെല്‍‌സിക്ക് അര്‍ഹമായ നാല് പെനാല്‍റ്റി കിക്കുകള്‍ റഫറി ഹെന്നിംഗ് ഓവര്‍ബോ നിരസിച്ചു എന്നാരോപിച്ചായിരുന്നു മത്സരശേഷം ചെല്‍‌സി താരങ്ങള്‍ റഫറിയെ വളഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തത്. മത്സരത്തില്‍ 1-1 സമനില പാലിച്ച ബാര്‍സ എവേ ഗോളിന്റെ പിന്‍‌ബലത്തില്‍ ഫൈനലില്‍ എത്തുകയും കിരീടം നേടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :