കുവൈറ്റ് 28,000 പേര്‍ക്ക് പൊതുമാപ്പ് നല്‍കി

കുവൈറ്റ്‌ സിറ്റി| WEBDUNIA| Last Modified ചൊവ്വ, 10 ജൂലൈ 2007 (14:53 IST)

സൗദി അറേബ്യയുടെ ചുവട്‌ പിടിച്ച്‌ കുവൈറ്റും അനധികൃതമായി രാജ്യത്ത്‌ തങ്ങുന്നവര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കാന്‍ തീരുമാനിച്ചതോടെ ഇവിടെ നിന്ന്‌ സ്വന്തം രാജ്യങ്ങളിലേക്ക്‌ മടങ്ങാന്‍ തയാറായവര്‍ ഏകദേശം 28,000 ആണെന്ന്‌ കണ്ടെത്തി.

കുവൈറ്റ്‌ അധികൃതര്‍ നല്‍കിയ പൊതുമാപ്പ്‌ 28,428 വിദേശികള്‍ ഉപയോഗപ്പെടുത്തിയതായാണ്‌ കണക്കാക്കുന്നത്‌. കുവൈറ്റ്‌ ആഭ്യന്തര വകുപ്പ്‌ പി.ആര്‍.ഒ ഡയറക്‌ടര്‍ ലെഫ്‌ കേണല്‍ ആദില്‍ അല്‍ ഹഷാഷ്‌ വെളിപ്പെടുത്തിയതാണിക്കാര്യം.

അതേ സമയം 7,891 പേര്‍ക്ക്‌ കുവൈറ്റില്‍ തുടരാനുള്ള നിയമാനുസൃതമായ രേഖകള്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. 2007 മേയ്‌ ഒന്നു മുതല്‍ ജൂണ്‍ 30 വരെയാണ്‌ പൊതുമാപ്പിനുള്ള കാലാവധി അനുവദിച്ചിരുന്നത്.‌.

അനധികൃതമായി കുവൈറ്റില്‍ കഴിയുന്ന വിദേശികളില്‍ ഏറിയ പങ്കും ബംഗ്ലാദേശികളാണ്‌. ഇന്ത്യയില്‍ നിന്ന്‌ കുവൈറ്റിലെത്തി അനധികൃതമായി അവിടെ തുടരുന്ന 7,500 പേര്‍ക്ക്‌ ഔട്ട്‌ പാസ്‌ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്‌.

പൊതു മാപ്പിലൂടെ വീസാ കലാവധി കഴിഞ്ഞും കുടുയേറ്റ നിയമം ലംഘിച്ചും കുവൈറ്റില്‍ കഴിയുന്നവര്‍ക്ക്‌ ഈ കാലയളവില്‍ പിഴയടക്കാതേയും ജയിലില്‍ ശിക്ഷകൂടാതേയും നാട്ടിലേക്ക്‌ തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നു. ഇതിനോടൊപ്പം പുതിയ വിസയില്‍ കുവൈറ്റിലേക്ക്‌ തിരിച്ചുവരാനും ഇത്തരക്കാര്‍ക്ക്‌ തടസമുണ്ടാകില്ല.

പൊതുമാപ്പ്‌ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി കുവൈറ്റില്‍ കഴിയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :