സൗദി : 750 ഇന്ത്യക്കാര്‍കൂടി പുറത്തേക്ക്

റിയാദ്:| WEBDUNIA| Last Modified വ്യാഴം, 7 ജൂണ്‍ 2007 (14:51 IST)

അനധികൃതമായി രാജ്യത്ത് തങ്ങുന്ന 750 ഇന്ത്യക്കാരെ കൂടി പുറത്താക്കാന്‍ സൗദി അറേബ്യ തീരുമാനിച്ഛു. തീര്‍ത്ഥാടന വിസയിലെത്തിയതാണ് ഇവരെല്ലാം തന്നെ.

രണ്ട് ദിവസം മുമ്പ് സൗദി അറേബ്യ ആയിരം ഇന്ത്യക്കാരെ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു. നിലവില്‍ അനധികൃതമായി ഇവിടെ തങ്ങുന്ന 350 ഇന്ത്യക്കാരെ പിടികൂടി ജിദ്ദയിലെ തര്‍ഹീല്‍ ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റൊരു 350 പേരെ മദിനത്തുള്‍ ഹജ്ജാജിലും പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ കോണ്‍സലേറ്റ് ജനറല്‍ ഔസഫ് സയീദ് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പേര്‍ അനധികൃതമായി ഇപ്പോഴും സൗദിയുടെ മധ്യ പ്രവിശ്യകളില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. ഇവരെ സംബന്ധിച്ച കൃത്യമായ കണക്കൊന്നുമില്ല.

സൗദി അറേബ്യ അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഒഴിഞ്ഞു പോകാനായി പൊതുമാപ്പ് നല്‍കിയിരുന്നു. 2007 ഏപ്രില്‍ രണ്ടിനായിരുന്നു ഈ പൊതുമാപ്പ് നല്‍കിയത്.

ജൂണ്‍ ഒന്നാം തീയതിക്കകം ഇവര്‍ സ്വരാജ്യത്തേക്ക് മടങ്ങാന്‍ സൗദി ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിക്കാതെ ഒളിച്ചു കഴിയുന്നവരെയാണ് ഇപ്പോള്‍ അധികൃതര്‍ പിടികൂടി നാടുകടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :