യുഎഇ: പൊതുമാപ്പ്‌ ലഭിച്ചവര്‍ 2.79 ലക്ഷം

ദുബായ്‌| WEBDUNIA|

യു.എ.ഇ യില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക്‌ ശിക്ഷയില്‍ നിന്ന്‌ ഒഴിവാകാനായി നല്‍കിയ പൊതുമാപ്പ്‌ ഉപയോഗിച്ചവരുടെ എണ്ണം 2,79 ലക്ഷമാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജൂണിലാണ്‌ യു.എ.ഇ അധികൃതര്‍ പൊതുമാപ്പ്‌ നല്‍കാന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. അതിന് ശേഷമുള്ള മൂന്നു മാസത്തെ പൊതു മാപ്പു കാലാവധിയില്‍ യുഎഇയിലെ വിവിധ എമിറേറ്റ്‌ പരിധിയില്‍ നിന്ന്‌ 2,78,715 അനധികൃത താമസക്കാര്‍ രേഖകള്‍ നിയമവിധേയമാക്കുന്നതിനോ രാജ്യം വിടുന്നതിനോ ഉള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.

യു.എ.ഇ താമസ കുടിയേറ്റ വകുപ്പ്‌ അറിയിച്ചതാണിക്കാര്യം. പൊതുമാപ്പ്‌ കാലാവധി സെപ്തംബര്‍ മൂന്ന്‌ തിങ്കളാഴ്ചയോടെ അവസാനിച്ചു. ഇത്തരത്തില്‍ മാപ്പ്‌ നേടിയവര്‍ക്ക്‌ രാജ്യം വിടാന്‍ നവംബര്‍ മൂന്നു വരെ സമയം നല്‍കിയിട്ടുണ്ട്‌.

കുടിയേറ്റക്കാര്‍ക്ക്‌ പൊതു മാപ്പ്‌ നല്‍കിയതിനൊപ്പം ഇനി മുതല്‍ രാജ്യത്ത്‌ അനധികൃതമായി തൊഴില്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന തൊഴില്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്‌.

രാജ്യത്ത്‌ താമസ കുടിയേറ്റ വകുപ്പ്‌ നേരത്തെ കണക്കാക്കിയ അനധികൃത വിദേശ ജീവനക്കാരുടെ എണ്ണം മൂന്നു ലക്ഷമാണ്‌. പൊതുമാപ്പ്‌ സൗകര്യം ഉപയോഗിക്കാതെ അനധികൃതമായി യു.എ.ഇ യില്‍ കഴിയുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ എടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :