ബഹ്‌റൈനുമായി തൊഴില്‍ക്കരാര്‍

Vayalar Ravi etc.
WDWD
ഇന്ത്യയും ബഹ്‌റൈനുമായി ഉണ്ടാക്കുന്ന തൊഴില്‍ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയുണ്ടായി. ബഹ്‌റൈനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍സുരക്ഷിതത്വത്തിന് കരാറുണ്ടാക്കാനുള്ള നടപടിക്രമങ്ങളാണ് ഏകദേശ ധാരണയിലായത്. വെള്ളിയാഴ്ച കോട്ടയത്തെ കുമരമത്തു വച്ചായിരുന്നു ചര്‍ച്ച നടന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള് തൊഴില്‍ കരാര്‍ സംബന്ധിച്ച ഉഭയകക്ഷിക്കരാറിനും ധാരണാപത്രത്തിനും അന്തിമ രൂപം നല്‍കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും മന്ത്രിതലസംഘങ്ങള്‍ ചര്‍ച്ച നടത്തി.

ഇന്ത്യന്‍ സംഘത്തെ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയാണ് നയിച്ചത്. ബഹ്‌റൈനിലെ തൊഴില്‍മന്ത്രി ഡോ.മജീബ് ബിന്‍ മുഹ്‌സിന്‍ അല്‍ അലാവിയുടെ നേതൃത്വത്തിലാണ് ബഹ്‌റൈന്‍ സംഘം പങ്കെടുത്തത്.

കരാറിന്‍റെ പ്രധാന ലക്‍ഷ്യങ്ങളില്‍ ഒന്ന് തൊഴിലുടമകള്‍ കരാര്‍ ലംഘിക്കുന്നത് തടയുകയാണ്. ഇതിനൊപ്പം തൊഴിലാളികളുടെ അസംതൃപ്തി പരിഹരിക്കുക, വേതനം ലഭിക്കുന്നതിലെ കാലതാമസം അവസാനിപ്പിക്കുക, തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പുവരുത്തുക, ജോലിസ്ഥലത്തെ പീഡനം ഇല്ലാതാക്കുക തുടങ്ങിയവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും കരാറിലുണ്ടാവും.

ബഹ്‌റൈനില്‍വച്ച് ഇരുരാജ്യങ്ങളുടെയും മന്ത്രിതലസംഘങ്ങള്‍ കരാര്‍ രൂപവത്കരണത്തെപ്പറ്റി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം ഇന്ത്യയും ബഹ്‌റൈനും വെവ്വേറെ കരടുരേഖ തയ്യാറാക്കിയിരുന്നു. ഇവയിലെ നിര്‍ദ്ദേശങ്ങളാണ് വെള്ളിയാഴ്ച കുമരകത്ത് ചര്‍ച്ചചെയ്യപ്പെട്ടത്.

കരടു രേഖകളിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാവും ധാരണാപത്രത്തിന് അന്തിമ രൂപം നല്‍കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷമായിരിക്കും അന്തിമക്കരാറിന് രൂപം നല്‍കുകയെന്ന് മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇന്ത്യയിലേത് പോലെ ബഹ്‌റൈനിലും ഇത് സംബന്ധിച്ച അംഗീകാരം നേടേണ്ടതുണ്ട്.

ബഹ്‌റൈന്‍ സംഘത്തില്‍ ഇന്ത്യയിലെ ബഹ്‌റൈന്‍ അംബാസിഡര്‍ മുഹമ്മദ് ഘാസന്‍ ഷെയ്‌ഖോ, തൊഴില്‍ വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമീല്‍ ഹുമദൈന്‍, മറ്റ് ഉന്നതോദ്യോഗസ്ഥരായ സുബാഹ് ബിന്‍ സലിം അല്‍ ഡോസറി, അബ്ദുള്‍കരിം അല്‍ഫര്‍ദാന്‍, അഹമ്മദ് അല്‍ ഖബാസ്, പ്രമുഖ വ്യവസായികള്‍ എന്നിവരും ഉണ്ടായിരുന്നു.

ഇന്ത്യന്‍ സംഘത്തിലാവട്ടെ വയലാര്‍ രവിക്ക് പുറമേ പ്രവാസികാര്യ വകുപ്പ് സെക്രട്ടറി കെ.മോഹന്‍ദാസ്, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാലകൃഷ്ണ ഷെട്ടി, പ്രവാസികാര്യ മന്ത്രാലയ ഡയറക്ടര്‍ രണ്‍ബീര്‍ സിങ്, അണ്ടര്‍ സെക്രട്ടറി നിതിന്‍കുമാര്‍, എം.എ.യൂസഫലി ഉള്‍പ്പെടെയുള്ള വ്യവസായികള്‍ എന്നിവരും ഉണ്ടായിരുന്നു.
കോട്ടയം| WEBDUNIA| Last Modified ശനി, 26 ഏപ്രില്‍ 2008 (14:47 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :