കുവൈറ്റില്‍ ലേബര്‍ അതോറിറ്റി

കുവൈറ്റ് സിറ്റി| WEBDUNIA| Last Modified തിങ്കള്‍, 26 മെയ് 2008 (17:23 IST)

അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ലേബര്‍ അതോറിറ്റി രൂപവത്കരിക്കാന്‍ കുവൈത്ത് സാമൂഹിക തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു.

അവിദഗ്ധരായ അടിസ്ഥാന വര്‍ഗ തൊഴിലാളികളുടെ വന്‍ തോതിലുള്ള കുടിയേറ്റമാണ് പലപ്പോഴും തൊഴില്‍ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ അധികൃതര്‍ക്ക് ഉണ്ടാക്കുന്നത്.

ഇതില്‍ പ്രധാനമായും അവിദഗ്ധ വിദേശ തൊഴിലാളികളെ നിയന്ത്രിക്കുക എന്നതാണ് ലക്‍ഷ്യമിടുന്നത് ഇതിനു പുറമെ ഇത്തരക്കാരെ കുവൈറ്റിലേക്ക് കടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കുവാനും ഉദ്ദേശമുണ്ട്.

ഈ ലക്‍ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് കുവൈറ്റ് തൊഴില്‍ സാമൂഹികമന്ത്രാലയം ലേബര്‍ അതോറിറ്റിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. ഇത് കൂടാതെ രാജ്യത്ത് നിലവിലുള്ള അടിസ്ഥാന വര്‍ഗ തൊഴിലാളികളുടെ യോഗ്യത ലേബര്‍ അതോറിറ്റി പരിശോധനയ്ക്ക് വിധേയമാക്കും.

ഇതോട് അനുബന്ധിച്ച് തൊഴിലാളിയുടെ സാങ്കേതിക പരിജ്ഞാനവും കഴിവും പരിചയ സമ്പന്നതയും സൂക്ഷ്മ പരിശോധന നടത്തി തിട്ടപ്പെടുത്തിയശേഷം രജിസ്റ്റര്‍ചെയ്ത ജോലിക്ക് പര്യാപ്തമാണോ എന്നു കൂടി പരിശോധിക്കും.

വര്‍ക്ക്‌പെര്‍മിറ്റ് അഥവാ തൊഴിലനുമതി അനുവദിക്കുന്നത് തൊഴിലാളിയുടെ കഴിവ് പരിശോധിച്ച് പാസ്സായാല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്നും അറിയുന്നു.

പ്രാഥമിക പരീക്ഷയില്‍ വിജയിക്കാത്ത തൊഴിലാളിയെ നിയമനത്തിനായി കൊണ്ടുവന്ന തൊഴിലുടമ തൊഴിലാളിയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കേണ്ടതുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :