പ്രണയദൂത് മൊബൈല്‍ ഫോണിലൂടെ...

മഹേഷ് പത്തനംതിട്ട

തിരുവനന്തപുരം| WEBDUNIA|
മൊബൈല്‍ ഫോണുകള്‍ പ്രണയത്തിന്‍റെ സന്ദേശവാഹകരായിട്ട് ഏറെക്കാലമായിട്ടില്ല. കാമുകിയുടെയോ കാമുകന്‍റെയോ മിസ്കോളും എസ്‌എം‌എസുമില്ലാതെ ഒരു ദിനം കഴിച്ചുകൂട്ടാന്‍ കഴിയുന്ന(ചങ്കുറപ്പുള്ള) പ്രണയിതാക്കളുടെ കണക്കെടുത്താല്‍ നിരാശപ്പെടേണ്ടിവരുമെന്ന് ഉറപ്പ്.

പുസ്തകത്താളിനുള്ളില്‍ ഒളിപ്പിച്ചുവെച്ച മയില്‍‌പ്പീലികളില്‍ ഹൃദയം കൈമാറിയവര്‍ ഇന്ന് നെഞ്ചോട് ചേര്‍ക്കുന്നത് മൊബൈല്‍ ഫോണുകളാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാനിടുന്ന കൃത്രിമപ്പാലമാണ് മൊബൈലെന്ന് ചിലര്‍ പറയും. ഒരിക്കലും തമ്മില്‍ കാ‍ണാതെ മൊബൈലിലൂടെത്തന്നെ ഇഷ്ടം കൈമാറിയവര്‍ എത്രയോ ഉണ്ട്.

പരസ്പരമുള്ള അകലം കുറയ്ക്കാന്‍ കഴിയുമെന്ന മൊബൈല്‍ ഫോണിന്‍റെ സവിശേഷത തന്നെയാണ് പ്രണയിതാക്കള്‍ക്കിടയില്‍ അതിനെ പ്രിയങ്കരമാക്കുന്നതും. എപ്പോഴും അരികിലുണ്ടെന്നൊരു തോന്നല്‍...മിസ്കോളിലൂടെ, ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നുവെന്ന ബോധ്യപ്പെടുത്തല്‍...പിന്നെ, ഉറക്കം വരാതെ കിടക്കുന്ന രാവുകളില്‍ ഇന്‍ബോക്സിലെ സന്ദേശങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ലഭിക്കുന്ന സുഖം. അങ്ങനെ മൊബൈല്‍ ഫോണിനെ പ്രണയവുമായി അടുപ്പിച്ചതിന്‍റെ കാരണങ്ങള്‍ തേടിയാല്‍ നിരവധി.

ആശയവിനിമയ ലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച ഈ ഇത്തിരിക്കുഞ്ഞന്‍ പ്രണയലോകത്തും ഒഴിച്ചുകൂടാനാകാത്ത അംഗമായി മാറിയിരിക്കുന്നു. ഈ നുഴഞ്ഞുകയറ്റത്തിന്‍റെ ചരിത്രമന്വേഷിച്ചാല്‍ പ്രണയത്തിന്‍റെ സ്ഥായീഭാവമായി കുടിയിരിക്കുന്ന സ്വാ‍ര്‍ത്ഥതയിലാകും ചെന്നെത്തുക. ഇഷ്ടഭാജനത്തെ ഒരുനിമിഷം പോലും മറ്റൊരാള്‍ക്കും വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്ന പ്രണയത്തിന്‍റെ സ്ഥിരം ദു:സ്വഭാവം തന്നെയാണ് മൊബൈല്‍ ഫോണിനെയും പ്രണയത്തിന്‍റെ കളിത്തോഴിയാക്കിയതെന്ന് വ്യക്തം.

ഇക്കഴിഞ്ഞ വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് മാത്രം മൊബൈലുകളിലൂടെ പ്രവഹിച്ചത് 220 ലക്ഷം പ്രണയ സന്ദേശങ്ങളാണ്. വിളികള്‍ വേറെയും. ഫെബ്രുവരി പതിന്നാലിന് മാത്രം 90 ലക്ഷം മെസേജുകളാണ് മൊബൈലുകള്‍ കൈമാറിയത്. ഇതിന് അടുത്ത ദിവസങ്ങളിലായിരുന്നു ബാക്കിയുള്ളവ‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.8 ശതമാനമാണ് ഇക്കാര്യത്തില്‍ വര്‍ധന.

മൊബൈല്‍ സന്ദേശത്തിന്‍റെ പുത്തന്‍ ഭാവമായ എം‌എം‌എസുകള്‍ മാത്രം 66 ലക്ഷമാണ്. ഒരു ലക്ഷം എം‌എം‌എസുകളുടെ വര്‍ധനയാണ് ഇക്കുറിയുണ്ടായത്. വാലന്‍റൈന്‍സ് ദിനത്തിന്‍റെ തിരക്കേറിയ മണിക്കൂറുകളായ രാവിലെ ഒമ്പതു മുതല്‍ 11 വരെയായിരുന്നു സന്ദേശങ്ങളധികവും പറന്നത്. മൊബൈല്‍ എന്ന ഹംസത്തോട് പ്രണയം ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് തന്നെയാണ് ഈ കണക്കുകളും നമ്മെ ബോധ്യപ്പെടുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :