നെറ്റിലൂടെ പ്രണയം പൂക്കുമ്പോള്‍

വി വി കെ നായര്‍

WEBDUNIA|
തിരക്കേറിയ ഇന്നത്തെ ലോകത്ത് പ്രണയ സങ്കല്പങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? തീര്‍ച്ചയായും ഇല്ല. എന്നാല്‍ കാലത്തിനനുസരിച്ച് രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യാസം പ്രണയത്തിനും വന്നിട്ടുണ്ട്.

പഴയ സിനിമകളിലുള്ളതുപോലുള്ള മരം ചുറ്റി പ്രേമത്തിന് ഇന്ന് ആര്‍ക്കാണ് സമയമുള്ളത്? എന്ന് വച്ച് പ്രണയം വേണ്ടെന്ന് പറയാനാകുമൊ? പഠനങ്ങള്‍ തെളിയിക്കുന്നത് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും തിരക്കിട്ട ജോലിക്കിടയിലും പ്രണയിക്കാനായി ഓരോരുത്തരും സമയം കണ്ടെത്തുന്നുണ്ടെന്ന് തന്നെയാണ്.

ഓണ്‍ലൈന്‍ ഡേറ്റിംഗ് എന്ന പുതിയ സമ്പ്രദായം അത്യന്താധുനിക യുഗത്തില്‍ പ്രണയിതാക്കള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. ബീച്ചുകളിലും പുഴയോരത്തും പാര്‍ക്കുകളിലും പ്രണയിതാക്കള്‍ പരസ്പരം കണ്ടുമുട്ടുന്നതും വികാരങ്ങള്‍ കൈമാറുന്നതുമെല്ലാം പഴങ്കഥയാവാന്‍ പോകുകയാണ്. ഇന്‍റര്‍നെറ്റിലൂടെയാണ് ഇപ്പോള്‍ പ്രണയം തളിരിടുന്നതും പൂക്കുന്നതും.

ഓണ്‍ലൈന്‍ ഡേറ്റിംഗ് ഇന്‍റര്‍നെറ്റിലെ ഒരു വലിയ പ്രതിഭാസമായിരിക്കുകയാണ്. ജോലിയും മറ്റ് തിരക്കുകളും കാരണം ബുദ്ധിമുട്ടുന്നവര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്സൈറ്റുകളെയാണ്. കമ്പ്യൂട്ടര്‍ സ്ക്രീനിന്‍റെ മുമ്പില്‍ അല്പസമയം ചെലവഴിച്ച് മൌസില്‍ ഏതാനും ക്ലിക്കുകളിലൂടെ ആര്‍ക്കും തനിക്കിണങ്ങിയ പങ്കാളിയെ കണ്ടെത്താമെന്ന വിശ്വാസം ഇന്ന് ഏറെയാണ്. ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്സൈറ്റ് ഏറെ ജനപ്രിയമായതോടെ ഇത് ഒരു വന്‍ വ്യവസായമായി മാറുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :