ഷഷ്ഠി വ്രതം

WEBDUNIA|
ഷഷ്ഠിവ്രതം - സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതം. സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രതമനുഷ്ടിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യഭജനമായി കഴിയണം.

ഷഷ്ഠി വ്രതോല്‍പത്തിക്കു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മില്‍ ഘോരമായ യുദ്ധമുണ്ടായി. മായാശക്തിയാല്‍ അസുരന്‍ തന്നെയും സുബ്രഹ്മണ്യനെയും ദേവകള്‍ക്കും മറ്റുള്ളവര്‍ക്കും അദൃശനാക്കി. ഭഗവാനെ കാണാതെ ശ്രീപാര്‍വ്വതി വിഷമിച്ചു.

ദേവഗണങ്ങളും ദേവിയും അന്നദാനം ഉപേക്ഷിച്ച് വ്രതമനുഷ്ടിച്ചു. തുലാം മാസത്തിലെ ഷഷ്ഠിനാളില്‍ ഭഗവാന്‍ ശൂരപത്മാസുരനെ വധിച്ചു. അതോടെ ദേവന്മാര്‍ക്ക് മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷനായി.

ശത്രു നശിച്ചതു കണ്ടപ്പോള്‍ എല്ലാവരും ഷഷ്ഠി നാളില്‍ ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച് വയറുനിറയെ ആഹാരം കഴിച്ചു. ഇതാണ് ഷഷ്ഠി വ്രതത്തെ സംബന്ധിച്ച് പ്രചാരത്തിലിരിക്കുന്ന ഒരു കഥ.

പ്രണവത്തിന്‍റെ അര്‍ത്ഥം പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ ഒരിക്കല്‍ ബ്രഹ്മാവിനെ തടഞ്ഞു നിര്‍ത്തി. ഞാന്‍ ബ്രഹ്മമാകുന്നു എന്ന ബ്രഹ്മാവിന്‍റെ മറുപടിയില്‍ തൃപ്തനാകാതെ സുബ്രഹ്മണ്യന്‍ കയറുകൊണ്ട് ബ്രഹ്മാവിനെ വരിഞ്ഞു കെട്ടി.

ഒടുവില്‍ ശ്രീ പരമേശ്വരന്‍ വന്നെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും ബാല സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഭഗവാന്‍ ബ്രഹ്മ രഹസ്യം മകനെ പറഞ്ഞു മനസിലാക്കി. തെറ്റു ബോധ്യപ്പെട്ട സുബ്രഹ്മണ്യന്‍ പശ്ഛാത്താപത്തോടെ സര്‍പ്പവേഷം പൂണ്ടു.

പുത്രന്‍റെ കണ്ഡരൂപ്യം മാറ്റാന്‍ പാര്‍വ്വതി ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം ഷഷ്ഠി വ്രതം അനുഷ്ടിച്ചു. വൈരൂപ്യം മാറുകയും ചെയ്തു. ഒന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് പാര്‍വ്വതി 108 ഷഷ്ഠി വ്രതം അനുഷ്ടിച്ചു വെന്നാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :