എന്താണ് ആറ്റുകാൽ പൊങ്കാല? പേരിന് പിന്നിലെ ചരിത്രമെന്ത്

അഭിറാം മനോഹർ| Last Modified ഞായര്‍, 26 ഫെബ്രുവരി 2023 (15:21 IST)
കേരളത്തിലെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആറ്റുകാലമ്മ എന്ന പേരിലാണ് ദേവി അറിയപ്പെടൂന്നത്. എന്നാൽ കണ്ണകി,അന്നപൂർണേശ്വരി ഭാവങ്ങളിലും സങ്കൽപ്പിക്കാറുണ്ട്. ചിരപുരാതനമായ ക്ഷേത്രം സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്നു. ഇവിടത്തെ പ്രധാന ഉത്സവമാണ് ആറ്റുകാൽ പൊങ്കാല.

കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌ പ്രധാനം. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്നത് ഈ ചടങ്ങിലാണ്. പൊങ്കാല ഇട്ടാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും ഭക്തർ കരുതുന്നു.

ഉപദേവതകളായി ശിവൻ,ഗണപതി,നാഗദൈവങ്ങൾ,മാടൻ തമ്പുരാൻ എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. ദ്രാവിഡ ക്ഷേത്രങ്ങളെ പണ്ട് കാലത്ത് കല്ല് എന്ന് വിളിച്ചിരുന്നു. എവിടെ സ്ഥിതിചെയ്യുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ആറ്റിൽ അല്ലെങ്കിൽ അതിൻ്റെ സംഗമസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രം ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാൽ എന്നായി പരിണമിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :