യേശു ഇന്ത്യയില്‍ - സൂചനകള്‍

കുരിശില്‍ നിന്ന് കാശ്മീരിലേയ്ക്ക് -ബൈജു

WEBDUNIA|
ഭാഗം 2

കുരിശില്‍ നിന്ന് രക്ഷപ്പെട്ട യേശു സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യയിലെത്തുകയും യൂസ് അസഫ് എന്ന പുതിയ പേര് സ്വീകരിച്ച്, കാശ്മീരില്‍ അന്ന് നിലനിന്നിരുന്ന ഇസ്രായേല്‍ വംശജരുടെ ഭരണകാര്യങ്ങള്‍ നടത്തിയും വചനം പ്രഘോഷിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തതായുള്ള സംശയാസ്പദമായ ചില സൂചനകളാണ് നമ്മുടെ മുന്നിലുള്ളത്.

ഒന്നാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന യൂസ് അസഫും യേശുവും ഒരേ ആള്‍ തന്നെയായിരുന്നുവെന്ന നിഗമനമാണ് ഈ സൂചനകളില്‍ നിന്ന് ലഭിക്കുക. കാശ്മീരിലും പ്രാന്തപ്രദേശങ്ങളിലും, പിന്നെ യേശു യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും നിലവിലുള്ള വിശ്വാസങ്ങള്‍, സ്മാരകങ്ങള്‍, കാശ്മീലെ ചില ഗ്രോത്രങ്ങളില്‍ നിലവിലുള്ള വിശ്വാസങ്ങള്‍ ഇവയാണ് പ്രധാനമായും വിശകലനം ചെയ്യേണ്ട തെളിവുകള്‍.

ഒന്നാം നൂറ്റാണ്ടില്‍ ഇസ്സാ (Issa) എന്ന പേരില്‍ ഒരാള്‍ ഇസ്രായേലില്‍ നിന്നും വന്നതായി കാശ്മീരിലെ ബെന്‍-ഇ ഇസ്രായേല്‍ എന്ന് സ്വയം വിളിക്കുന്ന ഒരു ഗോത്രക്കാര്‍ വിശ്വസിക്കുന്നു. പ്രാദേശികമായി ഇയാള്‍ യൂസ് അസഫ് എന്നാണ് അറിയപ്പെട്ടിരുന്നത്. അതേസമയം, കുരിശില്‍ നിന്ന് കാ‍ശ്മീരിലേയ്ക്ക് വന്ന യേശു പുതിയ പേര് സ്വീകരിച്ച് ഇവിടെ തന്നെ ജീവിച്ച് മരിച്ച് അടക്കം ചെയ്യപ്പെട്ടതായിട്ടാണ് അഹമ്മദിസ് വിഭാഗക്കാര്‍ വിശ്വസിക്കുക.

യൂസ് അസഫും യേശുവും ഒരേ ആള്‍ തന്നെയായിരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. കാശ്മീരില്‍ എത്തിയശേഷം മര്‍ജാം (മേരി/മറിയം) എന്നൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും 105-110 വയസില്‍ യൂസ് അസഫ് മരിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

ജനങ്ങള്‍ അദ്ദേഹത്തെ നബി എന്നും, പ്രവാചകന്‍ എന്നും, രാകകുമാരന്‍ എന്നും വിശുദ്ധന്‍ എന്നും വിളിച്ചിരുന്നു. യേശുവിന്‍റെ 38മത്തെ വയസില്‍ പാക്കിസ്ഥാനിലെ മുറീ പട്ടണത്തില്‍ വച്ച് യേശുവിന്‍റെ അമ്മ മരണപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു.

ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ മൊഹാല കാന്‍ യാര്‍ ജില്ലയില്‍ റോസ ബാല്‍ (The Site of the Honored Tomb) എന്ന പേരിലുള്ള ശവകുടീരം യൂസ് അസഫിന്‍റേതാണെന്നാണ് പരക്കെയുള്ള വിശ്വാസം. യൂസ് അസഫ് എന്ന പേരിലാണ് അടക്കംചെയ്തിരിക്കുന്നത്.

ഇവിടുത്തെ മുസ്ലീങ്ങള്‍ ആദരവോടെ കാണുന്ന ഈ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ആള്‍ മുഹമ്മദ് നബിക്കും 600 വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചിരുന്ന ആളാണെന്നും മറ്റൊരു രാജ്യത്തില്‍ നിന്ന് പ്രസംഗിക്കാന്‍ കാശ്മീരില്‍ എത്തിയതാണെന്നുമുള്ള വിശ്വാസമാണ് ഇവിടെയുള്ളത്. അതേ സമയം ശവകുടീരത്തിന്‍റെ പഴക്കം 1900 വര്‍ഷമാണെന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്.

യൂസ് അസഫ് എന്ന പേര് “ആളുകളെ കൂട്ടുന്ന യേശു” (Jesus the Gatherer) എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. കിഴക്കന്‍ അനാറ്റൊളിയയിലെ കുര്‍ദിഷ് വിഭാഗക്കാരുടെയിടയില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ യേശു ജീവിച്ചിരുന്നതായി പറപ്പെടുന്ന നിരവധി കഥകള്‍ ഇന്ന് നിലവിലുണ്ട്.

ടിബറ്റിലെ ചില പാരമ്പര്യങ്ങളും യേശുവിന്‍റെ പഠനങ്ങളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണുള്ളത്. ഈ സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് പറയുന്നതിനെക്കാള്‍ യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ എളുപ്പമെന്ന് വാദിക്കുന്നവരാണ് അധികവും.

യേശു എന്തിനാണ് ഇന്ത്യയിലേക്ക് വന്നത്? അടുത്ത ഭാഗം വായിക്കുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :