അല്‍ഫോന്‍സാമ്മ എഴുതിയ കത്തുകള്‍

അല്‍ഫോന്‍സാമ്മ
PRO
PRO
പരമാര്‍ത്ഥത്തില്‍ ഞാന്‍ ഏതെല്ലാം വിധത്തില്‍, എന്തുമാത്രം, സഹിക്കുന്നെന്ന്‌ ഈശോനാഥന്‍ മാത്രം അറിയുന്നു. എങ്കിലും എന്റെ നല്ല ഈശോ എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന സ്ഥിതിക്ക്‌ ഇതല്ല ഇതില്‍ക്കൂടുതല്‍ എന്തു മാത്രം വേണമെങ്കിലും, ലോകാവസാനം വരെയും ഈ കട്ടിലില്‍ കിടന്നുകൊണ്ട്‌ സകല വിഷമതകളും സഹിക്കുവാന്‍ ഞാന്‍ നിഷ്കളങ്കമായി ആഗ്രഹിക്കുന്നു. സഹനത്തിന്റെ ഒരു ബലിയായിട്ടു മരിക്കണമെന്നാണ്‌ ദൈവതിരുമനസ്സെന്ന്‌ എനിക്കിപ്പോള്‍ തോന്നുന്നുണ്ട്‌. അല്ലെങ്കില്‍ എത്ര പണ്ടേ ഞാന്‍ മരിക്കേണ്ടതായിരുന്നു. എന്റെ ബലി സാവധാനമാണ്‌ അവിടുന്നു സ്വീകരിക്കുന്നത്‌. അതോര്‍ക്കുമ്പോള്‍ എനിക്കു സന്തോഷമേ ഉള്ളൂ.

അതുകൊണ്ട്‌ എന്റെ പിതാവേ, അവിടുന്ന്‌ എന്നോടൊന്നിച്ച്‌ എന്റെ പേര്‍ക്കായിട്ടുകൂടി ദൈവത്തിനു നന്ദി പറയണമേ. എന്റെ പിതാവേ, എന്റെ ദീനത്തിനൊക്കെ വളരെ ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഈയിടെ മനസ്സിന്റെ വിഷമം കൊണ്ടാണെന്നു തോന്നുന്നു ഒന്നുരണ്ടാഴ്ചയായിട്ട്‌ തീരെ സുഖമില്ല. രാപകല്‍ ഒന്നുപോലെ സര്‍വ്വത്ര വേദനയാണ്‌. ഓരോ നിമിഷവും വളരെയധികം വിഷമിച്ചാണ്‌ കടത്തിവിടുന്നത്‌. നീതിമാനായ ദൈവമല്ലേ? അതുകൊണ്ട്‌ സമാധാനമുണ്ട്‌. (20 11 1944)

കര്‍ത്താവിന്റെ മണവാട്ടിയാകാന്‍
ഞാന്‍ കര്‍ത്താവിന്‌ ഏറ്റവും ഇഷ്ടപ്പെട്ട മണവാട്ടി ആയിത്തീരുന്നതിനുവേണ്ടി അങ്ങ്‌ എന്നെ സഹായിക്കണമേ. കര്‍ത്താവിനിഷ്ടമല്ലാത്തതൊന്നും എനിക്കു വേണ്ടാ എന്നല്ലേ അവിടുന്ന്‌ എന്നോടു പറഞ്ഞിരിക്കുന്നത്‌. അത്‌ സദാ എന്റെ ഓര്‍മ്മയിലുണ്ട്‌. ഞാനതിനായിട്ട്‌ പരിശ്രമിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്‌. എന്റെ ബലഹീനത നിമിത്തം ഉണ്ടാകുന്ന തെറ്റുകള്‍ നല്ല ദൈവം ക്ഷമിക്കുമെന്ന്‌ എനിക്കു പൂര്‍ണ്ണവിശ്വാസം ഉണ്ട്‌. ദൈവം തിരുമനസ്സാകുന്നുവെങ്കില്‍ എന്റെ ദീനം ഭേദപ്പെടുത്തണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്‌. അതുകൊണ്ട്‌ എനിക്കു സമാധാനക്കേട്‌ ഒന്നും ഇല്ല. പണ്ടത്തെ അപേക്ഷിച്ച്‌ എനിക്ക്‌ സഹനവും ക്ഷമയും ത്യാഗവും ഒക്കെ വളരെക്കുറവാണ്‌. നൊവിസ്യാത്തില്‍ വച്ച്‌ എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്താണെന്ന്‌ അന്യര്‍ മനസ്സിലാക്കിയിട്ടില്ല.

എനിക്കിന്നലെ മുട്ടുചിറ നിന്ന്‌ ഒരു എഴുത്തു വന്നിട്ടുണ്ട്‌. അതിലെ ഒരു ഭാഗം എന്നെ പലവിചാരപ്പെടുത്തി. ഇപ്പോഴും ചിന്താവിഷയം തന്നെയാണത്‌. ആ ഭാഗം ചുവടെ ചേര്‍ക്കുന്നു: "നിന്റെ ചെറുപ്പത്തിലെ കാര്യങ്ങളോര്‍ത്തുനോക്കിയാല്‍ ഞങ്ങള്‍ക്ക്‌ സന്തോഷത്തിനേ അവകാശമുള്ളൂ. കന്യാസ്ത്രീ ആണെങ്കിലും ആ മന:സ്ഥിതി വിട്ടുകളയരുതെന്നാണ്‌ എന്റെ വിനീതമായ ആഗ്രഹവും അഭിപ്രായവും. അതു നിനക്കു ഗുണകരമായിത്തീരുകയില്ല. കൂടാതെ കളങ്കമില്ലാത്ത ഒരു ഹൃദയവും ദൈവം തന്നിട്ടുണ്ട്‌. അതിനെ മലിനപ്പെടുത്താതിരിക്കാന്‍ സൂക്ഷിക്കണം" ഞാന്‍ കന്യാസ്ത്രീ ആയതില്‍പ്പിന്നെയാണ്‌ വഷളായിപ്പോയതെന്ന്‌ ഞാന്‍ തന്നെ ഇന്നാളും അങ്ങയോടു പറഞ്ഞിരുന്നുവല്ലൊ. നല്ല ദൈവം എന്റെ തെറ്റുകള്‍ ക്ഷമിക്കട്ടെ. (10 4 1945)

WEBDUNIA|
പണ്ടേ ഞാന്‍ മരിക്കേണ്ടതായിരുന്നു
അടുത്ത പേജില്‍ വായിക്കുക, ‘കര്‍ത്താവിന്‌ എന്നോട്‌ കെറുവാണ്’



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :