സെന്റ് തോമസ് ഇന്ത്യയില്‍ വന്നിട്ടില്ല!

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
PRO
യേശുവിന്റെ ശിഷ്യനായ സെന്റ് തോമസ് ആദ്യ നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയില്‍ എത്തിയെന്നും അദ്ദേഹമാണ് ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചതെന്നുമാണ് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍, പ്രത്യേകിച്ചും മാര്‍ത്തോമ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇത് ചരിത്രസത്യമല്ലെന്നും വെറുമൊരു ഐതിഹ്യകഥയെ ചരിത്രസത്യമാക്കി മാറ്റാന്‍ കാലാകാലങ്ങളായി നിക്ഷിപ്ത താല്‍‌പര്യക്കാര്‍ ഗൂഢപദ്ധതി ആവിഷ്കരിച്ച് വരികയാണെന്നും ഉള്ള ആരോപണങ്ങളുമായി ഒരു ചരിത്ര പുസ്തകം വിപണിയില്‍ എത്തുന്നു. നിരവധി പണ്ഡിതരുടെ ലേഖനങ്ങള്‍ കോര്‍ത്തിണക്കിയ ‘മുസിരിസ്‌ അട്ടിമറിയുടെ രീതിശാസ്ത്രം’ എന്ന ഗവേഷണഗ്രന്ഥം വ്യാഴാഴ്ച എറണാകുളത്ത് വച്ച് പ്രകാശിപ്പിക്കുകയാണ്. മുസിരിസ്‌ പൈതൃക പരിരക്ഷണ വേദിയാണ് ഈ ഗവേഷണ ഗ്രന്ഥത്തിന് പിന്നില്‍.

കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സാംസ്കാരികവകുപ്പിന്റെ സഹായത്തോടെ നടത്തിയ ഗവേഷണഖനനത്തില്‍ കണ്ടെത്തിയെന്ന്‌ പറയപ്പെടുന്ന വസ്തുതകളുടെ ആധികാരികതയെ ഈ പുസ്തകം ചോദ്യംചെയ്യുന്നുണ്ട്. കൊടുങ്ങല്ലൂരിലെ പറവൂരിനടുത്ത്‌ പട്ടണം എന്ന ഗ്രാമത്തില്‍ കെസിഎച്ച്‌ആറിന്റെ നേതൃത്വത്തില്‍ നടന്ന ഉത്ഖനനത്തിന്റെ അടിസ്ഥാനത്തില്‍ പട്ടണം എന്ന ഗ്രാമം മുസിരിസ്‌ ആണെന്ന് തീര്‍പ്പ് കല്‍‌പിച്ച കെസിഎച്ച്‌ആര്‍ ഡയറക്ടര്‍ ഡോക്‌ടര്‍ പി.ജെ. ചെറിയാന്റെ നടപടി നിക്ഷിപ്തതാല്‍പര്യങ്ങള്‍ നിറഞ്ഞതാണെന്ന്‌ പുസ്തകം വിലയിരുത്തുന്നു. സെന്റ് തോമസ് കേരളത്തില്‍ വന്നു എന്ന ഐതിഹ്യകഥയ്ക്ക് ചരിത്രച്ഛായ നല്‍‌കാനാണ് പട്ടണത്തെ മുസിരിസ് ആയി മാറ്റിയതെന്നാണ് പുസ്തകത്തിന്റെ മുഖ്യ പ്രമേയം.

ആലുവ യുസി കോളേജില്‍ പുരാതത്വം പഠിപ്പിക്കുവാന്‍ ചെറിയാന്‌ 1996 ല്‍ പിന്തുണ നല്‍കിയത്‌ യുണൈറ്റഡ്‌ ബോര്‍ഡ്‌ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഏഷ്യ എന്ന ന്യൂയോര്‍ക്ക്‌ കേന്ദ്രമായുള്ള അന്താരാഷ്ട്ര മതസംഘടനയാണെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. സെന്റ്‌ തോമസ്‌ ഭാരതത്തില്‍ വന്നുവെന്നത് ഐതിഹ്യകഥയാണെന്നും ഐതിഹ്യത്തെ പുരാതത്വവുമായി ബന്ധപ്പെടുത്തി ചരിത്രസത്യമാക്കി മാറ്റാനാണ് പലരും ശ്രമിക്കുന്നതെന്ന് അരവിന്ദന്‍ നീലകണ്ഠന്‍, രാജീവ്‌ മല്‍ഹോത്ര എന്നിവരുടെ ലേഖനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കേരള ആര്‍ക്കിയോളജിക്കല്‍ ഡയറക്ടറായിരുന്ന ആര്‍.വി. പൊതുവാള്‍, നാഷണല്‍ മ്യൂസിയം ഡയറക്ടറായിരുന്ന സി. ശിവരാമമൂര്‍ത്തി, കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ എച്ച്‌. സര്‍ക്കാര്‍, ശിലായുഗ ചരിത്രഗവേഷകനായ ഡോ. പി. രാജേന്ദ്രന്‍, പട്ടണം ഉത്ഖനനത്തിന്‌ തുടക്കംകുറിച്ച പി.കെ. ഗോപി, ആര്‍ക്കിയോളജിസ്റ്റ് രാമന്‍ നമ്പൂതിരി, ചരിത്രഗവേഷകരായ മിഷേല്‍ ഡാനിനോ, ഡോ. സി.ഐ. ഐസക്ക്‌, ഡോ. എന്‍.എം. നമ്പൂതിരി, വേലായുധന്‍ പണിക്കശ്ശേരി, വൈലോപ്പിള്ളി സംസ്കൃതിഭവന്‍ ഡയറക്ടറായ ഡോ. എം.ജി.ശശിഭൂഷണ്‍ എന്നിവരുടെ പഠനങ്ങളാണ്‌ പുസ്തകത്തിലുള്ളത്‌.

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, ഉള്ളൂര്‍, ഇളംകുളം, കെ.കെ. പിള്ള എന്നിവരുടെ ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മുസിരിസ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേരമാന്‍ മസ്‌ജിദ് സംരക്ഷിക്കുന്നതിന്റെ ആധികാരികതയാണ്‌ ഇഎംഎസിന്റെ ലേഖനത്തിലൂടെ ചോദ്യംചെയ്യപ്പെടുന്നത്‌. ചേരമാന്‍ പെരുമാള്‍ ഇസ്ലാംമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്തുവെന്ന ഐതിഹ്യമാണ്‌ മസ്ജിദിനുള്ളത്‌. എന്തായാലും, കേരള സാംസ്കാരികരംഗത്ത് ചില്ലറ അലയൊലികള്‍ ഈ വിവാദപുസ്തകം ഉണ്ടാക്കാതെയിരിക്കില്ല.

(ചിത്രത്തിന് കടപ്പാട് - ചിത്രകാരന്‍ കരവാഷ്യോ, വിക്കിപീഡിയ)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :