മറ്റ് സംസ്‌കാരങ്ങളെ ആദരവോടെ കാണണം: മാതാ അമൃതാനന്ദമയി

ഷാന്‍ഹൈ(ചൈന)| WEBDUNIA|
PRO
ഐക്യരാഷ്ട്രസഭയുടെ 'അലൈയന്‍സ് ഓഫ് സിവിലൈസേഷന്‍സ്' (UNAOC - United Nations Alliance of Civilizations ) എന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ മാതാ അമൃതാനന്ദമയി പ്രഭാഷണം നടത്തി. ഏഷ്യാ - ദക്ഷിണ - പസഫിക്ക് എന്നീ രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ സംവാദത്തിലൂടെ എങ്ങനെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാം എന്നതായിരുന്ന ഈ ആലോചനായോഗത്തിന്‍റെ പ്രധാന ചര്‍ച്ചാവിഷയം. യുണൈറ്റഡ് നേഷന്‍സ് അലൈയന്‍സ് ഓഫ് സിവിലൈസേഷനും, ചൈനയിലെ യു എന്‍ അസോസിയേഷനും ചേര്‍ന്നാണ് ഈ യോഗം സംഘടിപ്പിച്ചത്.

ശ്രീ ഷോണ്‍ ക്രിസ്‌റ്റോഫ് ബാസ് (Senior Advisor Strategic Development and Partnerships, United Nations) മാതാ അമൃതാനന്ദമയിയെ സദസ്സിനെ പരിചയപ്പെടുത്തി.

പിന്നീട് ആഗോളവല്‍ക്കരണത്തിന്‍റെ ഗുണദോഷങ്ങള്‍ വിശദീകരിച്ചുകൊണ്ട് അമൃതാനന്ദമയി സംസാരിച്ചു - ''ആഗോളവല്‍ക്കരണത്തിനു വേണ്ടി രാജ്യങ്ങള്‍ പല നിയന്ത്രണങ്ങളും എടുത്തുമാറ്റിയപ്പോള്‍, അത് രാജ്യങ്ങള്‍ തമ്മിലുള്ള വ്യവസായ ബന്ധവും നിക്ഷേപസാഹചര്യങ്ങളും വര്‍ദ്ധിപ്പിച്ചു. തൊഴിലില്ലായ്മ ഒരുപരിധിവരെ പരിഹരിച്ചു. പല അവികസിത രാജ്യങ്ങളും വികസനത്തിന്‍റെ പാതയിലക്കു തിരിഞ്ഞു. അറിവും വിവരശേഖരണവും കൂടുതല്‍ എളുപ്പമായി. ഇതൊക്കെ ആഗോളവല്‍ക്കരണത്തിന്‍റെ നല്ല വശങ്ങളാണ്. എന്നാല്‍ സാങ്കേതികവിദ്യയും വിദേശവസ്ത്രങ്ങളും കലകളും ഭക്ഷണപദാര്‍ത്ഥങ്ങളും മാര്‍ക്കറ്റില്‍ കുമിഞ്ഞ് കൂടിയപ്പോള്‍, പല രാജ്യങ്ങള്‍ പരമ്പരാഗതമായി ആചരിച്ചു പോന്ന ജീവിതരീതിയെ അത് കാര്യമായി ബാധിച്ചു. പ്രത്യേകിച്ച് വിവിധ സംസ്‌കാരങ്ങള്‍ ഏറ്റവുമധികമുള്ള ഏഷ്യയെയും തെക്കേ പസഫിക്ക് രാജ്യങ്ങളേയും.''

വിവിധ വംശങ്ങളിലും വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരെ ഒന്നിപ്പിക്കാനുള്ള ഗവണ്‍മെന്‍റുകളുടെ ശ്രമങ്ങള്‍ പരാജയപ്പെടാനുള്ള കാരണം മാതാ അമൃതാനന്ദമയി ചൂണ്ടിക്കാണിച്ചു. ''നമ്മള്‍ ഒന്നാണ് എന്ന് ഗവണ്‍മെന്‍റുകള്‍ ആഹ്വാനം ചെയ്യുന്നു. അതേസമയം തലമുറകളായി അവര്‍ പരിപാലിച്ച് പോന്നിരുന്ന ആചാരാനുഷ്ഠാനങ്ങളോടും സമ്പ്രദായങ്ങളോടും അനാദരവ് കാട്ടുന്നു. 'എല്ലാം ഒന്ന്' എന്നത് പരമമായ ആദ്ധ്യാത്മിക സത്യമാണെങ്കിലും നിറത്തിലും സംസ്‌കാരത്തിലും ഭാഷയിലും വിശ്വാസത്തിലും ജീവിതരീതിയിലും ചിന്തയിലും ഒക്കെ മനുഷ്യര്‍ക്കിടയില്‍ പലവിധത്തിലുള്ള വ്യത്യാസങ്ങളുണ്ട്. ഇത് അംഗീകരിച്ചേ മതിയാകൂ. അങ്ങനെ നോക്കുമ്പോള്‍, 'നാം ഒന്നാണ്' എന്നു പറയുമ്പോള്‍ തന്നെ, ബാഹ്യമായി 'ഒന്നല്ല' എന്നുകൂടി അംഗീകരിക്കേണ്ടി വരും. അതുകൊണ്ട് ഓരോ വിഭാഗത്തില്‍ പെടുന്നവരും ആവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍, മറ്റ് സംസ്‌കാരങ്ങളെ ആദരവോടെ കാണാനുള്ള മനോഭാവം കൂടി നമുക്കുണ്ടാകേണ്ടത് അത്യാവശ്യമാണ്'' - അമൃതാനന്ദമയി പറഞ്ഞു.

സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും സംഭവങ്ങളും അമൃതാനന്ദമയി സദസ്സുമായി പങ്കിട്ടു. ''എന്‍റെ അനുഭവത്തില്‍ മാനവരാശിക്കും മനുഷ്യേതര ജീവജാലങ്ങള്‍ക്കും മനസ്സിലാകുന്ന ഒരേയൊരു ഭാഷ പ്രേമം മാത്രമാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളായി ജീവിതത്തിന്‍റെ എല്ലാ മേഖലകളില്‍ പെടുന്നവരുമായി ഞാന്‍ സംവദിക്കുന്നു. ആറു ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. ജീവിതത്തിന്‍റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള കോടിക്കണക്കിനാളുകളെ വ്യക്തിപരമായി നേരിട്ട് കണ്ടു. അവരുടെ ഹൃദയം തൊട്ടറിഞ്ഞു. ഞാന്‍ എല്ലാവരുമായി സംവദിക്കുന്നത് പ്രേമത്തിന്‍റെ ഭാഷയിലാണ്. മതമോ ജാതിയോ രാജ്യമോ വര്‍ഗ്ഗ-വര്‍ണ്ണ-വംശ-ഭാഷാ വ്യത്യാസങ്ങളൊന്നും ഇതുവരെ അതിനു തടസ്സമായിട്ടില്ല. അതുകൊണ്ടു പ്രേമത്തിന്‍റെ പരിവര്‍ത്തനശക്തിയിലും ഹൃദയങ്ങളെ ഒന്നിപ്പിക്കുവാനുള്ള അതിന്‍റെ ശക്തിയിലും ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നു'' - ഇങ്ങനെയാണ് മാതാ അമൃതാനന്ദമയി പ്രഭാഷണം അവസാനിപ്പിച്ചത്.

ഈ സമ്മേളനത്തില്‍, സ്‌പെയിന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതിനിധി, ഏഷ്യ, തെക്കെ പെസഫിക്ക് രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള നയതന്ത്രജ്ഞന്മാര്‍, ഗവണ്‍മെന്‍റ് പ്രതിനിധികള്‍, രാഷ്ട്രീയസാമൂഹിക നേതാക്കന്മാര്‍, വിവിധ സര്‍വ്വകലാശാലകളെ പ്രതിനിധീകരിച്ച് വൈസ്ചാന്‍സലന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചൈനയുടെ വിദേശകാര്യ സഹമന്ത്രി ച്യൂ ടിയാന്‍കായ്, ഷാന്‍ഹൈ നഗരത്തിന്റെ മേയര്‍ ടു ഗുവ്വാന്‍ഷൗ, ചൈനയിലെ യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്റെ പ്രസിഡന്‍റ് അംബാസിഡര്‍ ചെന്‍ ജിയാന്‍, മുന്‍ പോര്‍ച്ചുഗീസ് പ്രസിഡന്‍റും യുഎന്‍ഏഓസിയുടെ ഉയര്‍ന്ന പ്രതിനിധി ജോര്‍ജ്ജ് സാംപയോ എന്നിവര്‍ സമ്മേളനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. സമ്മേളനത്തിനു മുന്‍പ്, വിദേശകാര്യ സഹമന്ത്രി ച്യൂ ടിയാന്‍കായും മാതാ അമൃതാനന്ദമയിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :