ക്രിസ്ത്യാനികള്‍ക്ക് എന്താ യോഗ പാടില്ലേ?

Paul Rampan
പാമ്പാടി| WEBDUNIA|
PRO
PRO
ധ്യാനം മാത്രമാണോ ക്രിസ്ത്യാനികള്‍ക്ക് പറഞ്ഞിട്ടുള്ളത്? ഭാരതീയ സങ്കല്‍പ്പങ്ങളെന്താ ക്രിസ്ത്യാനികള്‍ക്കും വഴങ്ങില്ലേ? ഉത്തരമുണ്ട്. കോത്തല സെഹിയോന്‍ പള്ളിയുടെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന പീഡാനുഭവ ധ്യാനത്തോടൊപ്പം ഒരു യോഗാ പരമ്പര കൂടി ഉള്‍‌ക്കൊള്ളിച്ചിട്ടുണ്ട്. പത്തനംതിട്ട മൈലപ്ര ധ്യാനമന്ദിരത്തിന്റെയും സങ്കേതഭവന്റെയും ഡയറക്‌ടര്‍ പിഎന്‍ പോള്‍ റമ്പാച്ചനാണ് യോഗാഗുരു. ഭാരത, ഹൈന്ദവ, യോഗ സങ്കല്‍പങ്ങളെ ക്രൈസ്‌തവവല്‍ക്കരിക്കുകയാണ് തന്റെ ലക്‌ഷ്യം എന്നാണ് റമ്പാച്ചന്‍ പറയുന്നത്.

“സൃഷ്‌ടാവിന്റെ ജീവന്‍ യേശുവിലൂടെ സൃഷ്‌ടികളില്‍ എത്തുന്നു. വഴിയും സത്യവും ജീവനുമായ യേശുവിന്റെ ജീവന്‍ നമ്മള്‍ സ്വീകരിക്കുന്നതാണു ക്രിസ്‌ത്യന്‍ യോഗ. ശ്വാസനിയന്ത്രണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഓക്‌സിജന്‍ എല്ലാ കോശങ്ങളിലും എത്തി അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിനെ പുറത്തേക്കു തള്ളുന്നു. 20 സെക്കന്‍ഡ്‌ കൊണ്ടു പ്രാണായാമം ശരീരത്തില്‍ വ്യാപിക്കും. ജഡികമായതിനെ ദൈവാത്മാവിനു കീഴ്‌പ്പെടുത്തുന്നതാണു ക്രിസ്‌ത്യന്‍ യോഗയുടെ ആശയം.”

“18 കഷ്‌ടതകളെ 18 സിദ്ധികളാക്കി മാറ്റാമെന്ന വിശുദ്ധ പൗലോസ്‌ ശ്ലീഹായുടെ വാക്കുകള്‍ ക്രിസ്‌ത്യന്‍ യോഗയിലൂടെ പ്രാവര്‍ത്തികമാക്കി എടുക്കുവാന്‍ കഴിയും. മനുഷ്യശരീരത്തിലെ 20 വിരലുകളും ഒന്നിച്ചു സമ്മേളിപ്പിച്ചു കൊണ്ടുവരുന്നതും ക്രിസ്‌ത്യന്‍ യോഗയുടെ പ്രത്യേകതയാണ്‌. കൈകാലുകളുടെ ചലനശേഷി വര്‍ധിപ്പിക്കുക, ഗ്യാസ്‌ട്രബിള്‍ മാറ്റുക, ഓര്‍മയും, ബുദ്ധിശക്‌തിയും വര്‍ധിപ്പിക്കുക തുടങ്ങിയ ഗുണങ്ങളും യോഗ അഭ്യസിക്കുന്നതിലൂടെ ലഭിക്കുന്നു‌.”

‘'മൂക്കിലൂതിയ ശ്വാസം... ദൈവം നല്‍കിയ ജീവന്‍... വലിച്ചുകയറ്റി ഉള്ളു നിറയ്‌ക്കൂ....’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് യോഗാക്ലാസ് തുടങ്ങുക. ശവാസനത്തോടെ യോഗ അവസാനിപ്പിച്ച്‌ എല്ലാവരും എഴുന്നേറ്റുനിന്നു ശ്വാസം വലിച്ച്‌ ഇരുകൈകളും കിഴക്കോട്ടു നീട്ടി തിരികെ നെഞ്ചോടടുപ്പിക്കുന്നതോടെ ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യോഗാക്ലാസ്‌ സമാപിക്കും.

യോഗ പൌരസ്ത്യ മതങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും അതിനാല്‍ ക്രിസ്ത്യാനികള്‍ക്ക് ദൈവത്തിലേക്കുള്ള പാത അതല്ല എന്നും സതേണ്‍ ബാപിസ്റ്റ് സെമിനാരിയുടെ അധ്യക്ഷന്‍ ആല്‍ബര്‍ട്ട് മൊഹ്‌ലര്‍ ഈയിടെ പറഞ്ഞിരുന്നു. പിശാചിന്റെ പ്രവര്‍ത്തിയാണ് യോഗ എന്നും അതിലൂടെ ജനങ്ങളെ ഹിന്ദുമതത്തിലേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടുമെന്നും വത്തിയ്ക്കാനില്‍ പിശാചിന്റെ ബാധയൊഴുപ്പിയ്ക്കുന്ന വൈദികന്‍ ഡോണ്‍ ഗബ്രിയേല്‍ അമോര്‍ത്തും പറയുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :