‘സൂര്യയോഗ്’ സൂര്യാജി വിവാഹിതനാകുന്നു

WEBDUNIA|
PRO
PRO
സൂര്യയോഗ്‌ ഫൗണ്ടേഷന്‍ സ്‌ഥാപകനും പരിസ്‌ഥിതി പ്രവര്‍ത്തകനും സൂര്യനെ മുന്‍നിര്‍ത്തിയുള്ള സാധനയുടെ ഉപജ്‌ഞാതാവുമായ ഡോ സൂര്യാജി ജുവല്‍ ഗോപിനാഥ് വിവാഹിതനാകുന്നു. തൃശൂര്‍ ഒല്ലൂര്‍ ശ്രീനികേതനില്‍ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഭാസ്കരന്റെയും ശ്രീദേവിയുടെയും മകള്‍ ശ്രീലക്ഷ്മിയാണ്‌ സൂര്യാജിയുടെ വധു. ഒക്‌ടോബര്‍ 23-ന്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണു വിവാഹം. കഴിഞ്ഞ വെള്ളിയാഴ്‌ച തൃശൂരില്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു.

മതാചാരങ്ങള്‍ പിന്തുടരുന്നില്ലെങ്കിലും വധുവിന്റെ വീട്ടുകാരുടെ ആഗ്രഹ പ്രകാരമാണു താലികെട്ട്‌ കൊല്ലൂരിലാക്കിയത്‌. ഇടുക്കി തുളസിപ്പാറ കൊച്ചുപറമ്പില്‍ കെ പി ഗോപിനാഥിന്റെയും ശാന്തമ്മയുടെയും മൂത്ത മകനാണ് സൂര്യ ജോവല്‍ എന്ന 39-കാരനായ ഡോക്‌ടര്‍ സൂര്യാജി. ഒരു സഹോദരന്‍ അമേരിക്കയിലും സഹോദരി സിംഗപ്പൂരിലുമാണ്‌. മൂന്നുവര്‍ഷമായി 36-കാരിയായ ശ്രീലക്ഷ്മിക്ക്‌ സൂര്യയോഗ്‌ പ്രസ്ഥാനവുമായി ബന്ധമുണ്ട്‌. സിംഗപ്പൂരില്‍ പഠനം നടത്തിവന്ന ഇവര്‍ ഇപ്പോള്‍ തൃശൂര്‍ ചിന്മയ കോളേജിലെ പ്രൊഫസറാണ്‌.

ലോകമെമ്പാടും വേരുകള്‍ ആഴ്ത്തിയ സൂര്യാജിയുടെ വിവാഹ തീരുമാനം വിശ്വാസികള്‍ അപ്രതീക്ഷിതമായാണ്‌ അറിഞ്ഞത്. എന്നാല്‍ തന്റെ വിവാഹത്തിന് സൂര്യയോഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും പ്രസ്ഥാനം പഴയ പോലെ തുടരുമെന്നും സൂര്യാജി പറയുന്നു.

ഇന്ത്യയിലും 62 വിദേശ രാജ്യങ്ങളിലുമായി ആയിരത്തോളം ചാപ്ടറുകളുള്ള സൂര്യയോഗ്‌ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ച സൂര്യാജി സൂര്യാരാധനയിലൂടെ ആരോഗ്യജീവിതം എന്ന സന്ദേശവുമായി 11 വര്‍ഷം മുമ്പാണ്‌ നവിമുംബൈ ആസ്ഥാനമായി സൂര്യയോഗ്‌ ഫൗണ്ടേഷന്‍ ആരംഭിച്ചത്‌. കേരളത്തിലെ പതിനാലു ജില്ലകളിലും സൂര്യ യോഗ് ഫൗണ്ടേഷന് ചാപ്റ്ററുകള്‍ ഉണ്ട്. സൂര്യയോഗ് ഫൗണ്ടേഷന്‍ കേരളത്തില്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

സൂര്യന്‍റെ ശക്തി തിരിച്ചറിയുകയാണ്, സൂര്യയോഗ് എന്ന സാധനാപദ്ധതിയിലൂടെ. ധ്യാനത്തിനപ്പുറം പ്രകൃതിനിഷ്ഠവും സൂര്യകേന്ദ്രീകൃതവുമായ ക്രിയാപദ്ധതി. സൂര്യാജി ആവിഷ്കരിച്ച ഈ സാധനാപദ്ധതിയില്‍ ഏര്‍പ്പെടുന്നത്, ലോകത്താകമാനമുള്ള ഏഴ് ലക്ഷത്തോളം ജനങ്ങള്‍.

സൂര്യപ്രകാശത്തിലൂടെ ശരീരത്തിനും മനസിനും ഓജസും മുക്തിയും നല്‍കാന്‍ കഴിയുമെന്നു ശാസ്ത്രം അംഗീകരിക്കുന്നുണ്ട്. സൂര്യയോഗ് ചെയ്യുന്നതും ഇതുതന്നെ. രോഗശമന ശക്തിയുള്ള ഊര്‍ജത്തെ സൂര്യനില്‍ നിന്നു സ്വാംശീകരിക്കുന്നു. കേരളത്തില്‍ മാത്രം ഒരു ലക്ഷത്തോളം പേരാണ് നിത്യസാധനയായി സൂര്യയോഗ് അനുഷ്ഠിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :