വിനായകരൂപങ്ങള്‍

WEBDUNIA| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2010 (12:07 IST)
PRO
സര്‍വ്വ വിഘ്നങ്ങളും ഇല്ലാതാക്കുന്ന ഗണപതി ഏവരുടെയും പ്രിയ ദേവനാണ്. ഗണപതിയെ സ്മരിക്കാതെ ഹിന്ദുക്കള്‍ ഒന്നും തുടങ്ങാറില്ല. ഗണപതിയെ പല രൂപത്തിലും ഭാവത്തിലും ആരാധിച്ചു പോരുന്നു.

മുദ്ഗലപുരാണപ്രകാരം മുപ്പത്തിരണ്ട് ഗണേശരൂപങ്ങള്‍ ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോ രൂപത്തോട് മാനസികബന്ധം അനുഭവപ്പെടാം. അതിനനുസരിച്ചോ അഭീഷ്ടത്തിനനുസരിച്ചോ ദേവഭാവം തെരഞ്ഞെടുത്ത് നിശ്ചിത രൂപം ധ്യാനിച്ച് സഹസ്രനാമം ജപിക്കാം.

1. ബാലഗണപതി

കരസ്ഥകദളീചൂതപനസേക്ഷുക മോദകം
ബാലസൂര്യാമിമം വന്ദേ ദേവം ബാലഗണാധിപം

(ഉദയസൂര്യന്‍റെ വര്‍ണം, ചതുര്‍ഹസ്തം, കൈകളില്‍ കദളിപ്പഴം, മാങ്ങ, ചക്ക, കരിമ്പ്, തുമ്പിക്കൈയില്‍ മോദകം)

ഫലം - ശ്രദ്ധയോടെ ഉപാസിച്ചാല്‍ ഏതാഗ്രഹവും സാധിക്കും.

2. തരുണഗണപതി

പാശാങ്കുശാപൂപകപിത്ഥജംബു
സ്വദന്തശാലീക്ഷുമപിസ്വഹസ്തൈഃ
ധത്തേ സദാ യസ്തരൂണാരുണാഭഃ
ഹായാത്സ യൂഷ്മാംസ്തരുണോ ഗണേശ

(ഉദയസൂര്യന്‍റെ വര്‍ണ്ണം, യുവത്വപൂര്‍ത്തി, എട്ട് കൈകള്‍, പാശം, അങ്കുശം, അപൂപം, കപിത്ഥം, ജംബു, സ്വദന്തം, കരിമ്പ്, കതിര്)

ഫലം - രോഗശാന്തി

3. ഭക്തഗണപതി

നാളീകേരാമ്രകദളീഗുഡപായസ ധാരിണം
ശരശ്ചന്ദ്രാഭവപൂഷം ഭജേഭക്ത ഗണാധിപം

(നിലാവിന്‍റെ നിറമുള്ള ശരീരം, നാലുകൈകള്‍, നാളികേരം, മാങ്ങ, കദളിപ്പഴം, ശര്‍ക്കരപ്പായസം)

ഉപാസനയ്ക്കും മോക്ഷത്തിനും വിശേഷം.

4. വീരഗണപതി

വേതാളശക്തിശരകാര്‍മുകചക്ര ഖഡ്ഗ
ഖട്വാംഗമുദ്ഗര ഗദാങ്കുരനാഗപാശാന്‍
ശൂലം ച കുന്തപരശുധ്വജമു ദ്വഹന്തം
വീരം ഗണേശമരുണം സതതം നമാമി.

(അരുണവര്‍ണ്ണം, പതിനാറ് കൈകള്‍, വേതാളം, ശക്തി, ശരം, കാര്‍മുക, ചക്രം, ഖഡ്ഗം മുദ്ഗരം, ഖട്വാംഗം, ഗദ, അങ്കുശം, നാഗം, പാശം, ശൂലം, കുന്തം, മഴു, കൊടി)

ശത്രുപീഡയ്ക്കെതിരെ.

5. ശക്തിഗണപതി

ആലിംഗ്യദേവീം ഹരിതാങ്കയഷ്ടിം
പരസ്പരാശ്ശിഷ്ടകടിപ്രദേശം
സന്ധ്യാരൂണം പാശസൃണി വഹന്തം
ഭയാപഹം ശക്തിഗണേശമീഡേ

(മടിയിലിരിക്കുന്ന ദേവിയെ ആശ്ളേഷിക്കുന്നു. ദേവി തിരിച്ചും. സന്ധ്യാരുണവര്‍ണ്ണം. പാശവും സൃണിയും വഹിക്കുന്ന ദേവന്‍ ഭയത്തെ ഇല്ലാതാക്കും.)

6 ദ്വിജഗണപതി

യം പുസ്തകാക്ഷഗുണദണ്ഡകമണ്ഡലുശ്രീ
വിദ്യോതമാനകരഭൂഷണമിന്ദുവര്‍ണ്ണ
സ്തംബേരമാനന ചതുഷ്ടയശോഭമാനനം
ത്വാം യഃ സ്മരേത്ദ്വിദ്വജഗണാധിപതേ സ ധന്യഃ
(നിലാവിന്‍റെ നിറം, നാലുതല, നാലുകൈകള്‍, പുസ്തകം, ജപമാല, ദണ്ഡം, കമണ്ഡലു)

വിജ്ഞാനത്തിന്. വിദ്യാര്‍ത്ഥികള്‍ക്ക് വിശേഷം.

7. സിദ്ധ ഗണപതി

പക്വചൂതഫലപുഷ്പമഞ്ജരീ-
ചേക്ഷുദണ്ഡതിലമോദകൈഃസഹ
ഉദ്വഹന്‍ പരശുമസ്തു തേ നമഃ
ശ്രീ സമൃദ്ധിയുത ഹേമപിംഗള
(സ്വര്‍ണനിറമുള്ള ദേഹം. ശ്രീയോടും സമൃദ്ധിയോടുംകൂടിയത്. നാലുകൈകളില്‍ മാങ്ങ, പൂക്കള്‍, കരിമ്പ്, മഴു. എള്ള് ചേര്‍ത്ത മോദകം തുമ്പിക്കൈയില്‍.

ഫലം - മോക്ഷം, മന്ത്രസിദ്ധി, ആഗ്രഹസിദ്ധി.

8 ഉച്ഛിഷ്ടഗണപതി

പാശാങ്കുശാപൂപകപിത്ഥജംമ്പൂ
നീലാബ്ജദാഡിമീ വീണാശാലീഗുഞ്ജാക്ഷസൂത്രകം
ദധദുച്ഛിഷ്ടനാമായം
ഗണേശ പാതുമേചകഃ
(നീലത്താമര, വീണ, കതിര്, ജപമാല, തുമ്പിക്കൈയില്‍ മാതളം)

ഫലം - വസ്തുവകകളുടെ ക്രയവിക്രയം, വ്യവഹാരം, ബിസിനസ് എന്നിവയില്‍ വിജയം.

9. വിഘ്ന ഗണപതി

ശംഖേക്ഷുചാപകുസുമേഷുകുഠാര പാശ-
ചക്രസ്വദന്ത സൃണി മഞ്ജരി കാശരൈൗഘൈ
പാണിശ്രിതൈഋ പരിസമീഹിത ഭൂഷണശ്രീ-
വിഘ്നേശ്വരോ വിജയതേ തപനീയ ഗൗരഃ

(സ്വര്‍ണ്ണനിറമുള്ള ദേഹം, സര്‍വ്വാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. പത്തു കൈകള്‍, ശംഖ്, കരിമ്പ്, പൂക്കള്‍, മഴു, പാശം, ചക്രം, ഒടിഞ്ഞകൊമ്പ്, തോട്ടി, പൂക്കളാലുള്ള ശരം, ആവനാഴി)

ഫലം - ശത്രുവില്‍ നിന്ന് രക്ഷയും പ്രവര്‍ത്തനവിജയവും.

10. ക്ഷിപ്ര ഗണപതി

ദന്ദകല്പലതാ പാശ-
രത്നകുംഭാങ്കുശോജ്ജ്വലം
ബന്ധുകമണിയാഭം
ധ്യായേത് ക്ഷിപ്ര ഗണാധിപം.
(നാലുമണിപ്പൂവിന്‍റെ നിറം. നാലുകൈകള്‍, കൊമ്പ്, കല്പ ലത, പാശം, രത്നകുഭം)

നിത്യപൂജയ്ക്കും ഐശ്വര്യത്തിനും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :