വിനയത്തിന്‍റെ ഓര്‍മ്മയായി ഓശാന

WEBDUNIA| Last Modified ഞായര്‍, 5 ഏപ്രില്‍ 2009 (11:57 IST)
ക്രിസ്‌തു ദേവന്‍ ജറുസലേമിലേക്ക് രാജാവായി എഴുന്നള്ളിയതിന്‍റെ ഓര്‍മ്മയാചരണവുമായി ലോകമെമ്പാടും ഓശാന ഞായര്‍ ആചരിക്കുന്നു. സമാധാനത്തിന്‍റെയും, സന്തോഷത്തിന്‍റെയും ദിനം കൂടിയാണ് ഓശാന ഞായര്‍.

ഭരണാധികാരികളുടെ ക്രൂരതയില്‍ മനം നൊന്ത്, രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം, പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത്, ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്.

ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ‘രക്ഷ അടുത്തിരിക്കുന്നു’, ‘ ഇപ്പോള്‍ ഞാന്‍ രക്ഷ നേടും’ എന്നൊക്കെയാണ്. ഈസ്റ്ററിന്‍റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയാണ്‌ ഓശാന ഞായര്‍ അഥവാ പാം സണ്‍ ഡേ.

ഓശാന പെരുന്നളിനോട് അനുബന്ധിച്ച്‌ വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി ഘോഷയാത്ര നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ഓശാന ഞായറോടു കൂടി ക്രൈസ്‌തവര്‍ക്ക് വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.

ഓശാന ഞായറാഴ്ച പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും വിശ്വാസികള്‍ കൊണ്ടു പോകുന്നു. പെസഹ വ്യാഴാഴ്ച അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.

ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :