മനസില്‍ മാലാഖയെത്തുന്ന റമസാന്‍

WEBDUNIA| Last Modified വെള്ളി, 21 ഓഗസ്റ്റ് 2009 (18:06 IST)
PRO
പരിശുദ്ധ റമസാനിന്‌ സ്വാഗതം. നന്മയുടെ വിശ്വമഹോത്സവത്തിന്‍റെ നാളുകള്‍ക്ക്‌ മംഗളം. റമസാന്‍ അമ്പിളി പ്രത്യക്ഷപ്പെടുന്നതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറുകയാണ്. ദൈവത്തിന്‍റെ അധീശത്വം അംഗീകരിച്ച വിശ്വാസികളുടെ ജീവിതത്തില്‍ ഔന്നത്യ ബോധത്തിന്‍റെ പ്രഭാതം തെളിഞ്ഞു കഴിഞ്ഞു.

ആത്മ സംസ്കൃതിയുടെ അനന്ത വിഹായസ്സിലേക്ക്‌ ചിറകടിച്ചുയരുകയാണു ഇസ്ലാം മതവിശ്വാസികള്‍. വര്‍ഷം പ്രതി ആവര്‍ത്തിച്ചു വരുന്ന വ്രതനാളുകള്‍ വിശ്വാസിയുടെ ജീവിതം നിഷ്കളങ്കവും ലക്‍ഷ്യധിഷ്‌ഠിതവുമാക്കുന്നു.

വ്രതം ഒരു പരിചയാണെന്നാണ്‌ പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞിരിക്കുന്നത്‌. തന്‍റെ അടിമത്തവും വിനയവും പ്രകടിപ്പിക്കുന്നതിനു മുന്നില്‍ വന്ന്‌ ചേരുന്ന പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും തടുക്കാനുള്ള പരിചയാണ് റമസാന്‍ മാസം. ധിക്കാരത്തിന്‍റെയും അനുസരണക്കേടിന്‍റെയും രാക്ഷസീയ മാര്‍ഗത്തിലേക്ക്‌ തന്നെ തകര്‍ത്തെറിയാന്‍ പ്രലോഭനങ്ങളുമായി വരുന്ന ചീത്തകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍റെ പരിച.

ആത്മ നിയന്ത്രണമാണ്‌ വ്രതം. പഞ്ചേന്ദ്രിയങ്ങളുടെ സ്വഛന്ദ വിഹാരത്തിനു നിയന്ത്രണം. ആന്തരികേന്ദ്രീയം മനുഷ്യനെ ഭരിക്കുന്ന ഒരപൂര്‍വ്വ സംവിധാനം. കണ്ണും കാതും മനസ്സുമെല്ലാം ദൈവത്തിന്‍റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ താക്കീത്‌ നല്‍കുന്നുണ്ട്‌. ഇതറിയുന്ന വിശ്വാസി ജീവിതത്തിന്‍റെ അതിശ്രീഘ പ്രയാണത്തിനിടക്ക്‌ താനറിയാതെ വഴിമാറി നടക്കുന്നു.

കണ്ണും കാതും, നാക്കും വായയും കൈകാലുകളും മററംഗങ്ങളുമെല്ലാം ചില ദുര്‍ബല സാഹചര്യങ്ങളില്‍, അശ്രദ്ധമായ നിമിഷങ്ങളില്‍ നിയന്ത്രണം വിട്ടോടുകയും ആപല്‍കരമായ അപകടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യുന്നു. നിയമമനുസരിച്ച്‌ വാഹന മോടിക്കുന്ന സജീവ ശ്രദ്ധാലുവായ ഒരു ഡ്രൈവറില്‍ നിന്ന്‌ അപകടമുണ്ടാകുന്നില്ല. വാഹനാപകടങ്ങള്‍ക്ക്‌ പ്രധാന കാരണം ഡ്രൈവറുടെ അശ്രദ്ധയാണ്‌. ചിലപ്പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടത്‌ മൂലമുണ്ടാകുന്ന കുറ്റ കൃത്യവും.

മനുഷ്യന്‍ ഒരു വാഹനമാണ്‌. ദേഹത്തെ വാഹനമായും ദേഹിയെ അതിന്‍റെ ഡ്രൈവറായുമാണ്‌ സൂഫീവര്യന്‍‌മാര്‍ വിലയിരുത്തിയത്‌. ഭൗതികയുടെ മാദകത്വത്തിലും ആസ്വാദന ലഹരിയിലും മതിമറന്ന്‌ അശ്രദ്ധനായി വാഹനമോടിക്കുന്ന ഈ മനുഷ്യനെ തന്‍റെ യഥാര്‍ഥ വ്യക്തിത്വ വീണ്ടെടുപ്പിന്‌ സജ്ജമാക്കുകയും താന്‍ ഓടിക്കുന്ന ശരീരമാകുന്ന വാഹനത്തിന്‌ വന്ന്‌ പോയ അപഭ്രംശങ്ങളും ഇച്ഛകളുടെ ദുഃസ്വാധീനത്താലുണ്ടാകുന്ന തകരാറുകളും ശരിപ്പെടുത്തുകയുമാണ്‌ വ്രത മാസത്തില്‍ വിശ്വാസികള്‍ ചെയ്യുന്നത്‍. തിന്മകളില്‍ നിന്നും ആനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന മനുഷ്യന്‍ വ്രതത്തിലൂടെ വാചാലമായ മൗനമവലംബിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :