പിതൃശാന്തിക്ക് തിലഹോമം

WDWD
പിതൃശാന്തി വരുത്തിയില്ല എങ്കില്‍ കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാവാം. പ്രശ്നത്തില്‍ പിതൃക്കള്‍ക്ക് ശാന്തി ലഭിക്കാത്ത അവസ്ഥ തെളിയുകയാണെങ്കില്‍ തിലഹോമം അതിനൊരു വ്യക്തമായ പരിഹാരം ആയിരിക്കും.

മരണത്തോടു കൂടി ദേഹം മാത്രമേ നശിക്കുകയുള്ളൂ. ആത്മാവ് നശിക്കുന്നില്ല. എന്നാല്‍, ആത്മാവിന് സായൂജ്യം ലഭിക്കണമെങ്കില്‍ മോക്ഷപ്രാപ്തി ലഭിക്കണം. മോക്ഷപ്രാപ്തി ലഭിക്കും വരെ ആത്മാവ് അലയുമെന്നാണ് വിശ്വാസം.

വിധിപ്രകാരമുള്ള മരണാനന്തര കര്‍മ്മങ്ങള്‍ നടത്താതിരിക്കുമ്പോഴാണ് ആത്മാവിന് മോക്ഷം ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാവുക. സഞ്ചയനം, സപിണ്ഡി തുടങ്ങിയ അടിയന്തിരങ്ങള്‍ നടത്തുമ്പോള്‍ പറ്റുന്ന പിഴവുകള്‍ പോലും ആത്മാവിന് മോക്ഷം നിഷേധിച്ചേക്കാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ തിലഹോമം നടത്തുന്നത് ആത്മാവിന് മോക്ഷം നല്‍കാന്‍ സഹായിക്കും.

എള്ള്, പ്ലാശിന്‍ ചമത, നെയ്യ്, ഹവിസ്സ്, തിലപായസം എന്നിവയാണ് തിലഹോമത്തില്‍ ഉപയോഗിക്കുന്ന ഹോമ ദ്രവ്യങ്ങള്‍. തിലഹോമത്തില്‍, കാല്‍കഴുകിച്ചൂട്ട്, തിലദാനങ്ങള്‍ എന്നിവയ്ക്ക് ശേഷം പിതൃബിംബ ശുദ്ധി വരുത്തുന്നു. ശുദ്ധി വരുത്തിയ പിതൃബിംബത്തെ സായൂജ്യ പൂജയ്ക്ക് വിധേയമാക്കിയാല്‍ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.

WEBDUNIA| Last Modified ശനി, 30 മെയ് 2009 (17:37 IST)
സായൂജ്യ പൂജയില്‍ മഹാവിഷ്ണുവിനെ ആവാഹിച്ച്, ബിംബത്തിലേക്ക് ആത്മാവിനെ ലയിപ്പിച്ച ശേഷം വൈകുണ്ഠത്തിലേക്ക് ഉയര്‍ത്തുന്നു. സായൂജ്യ പൂജ കഴിയുന്നതോടെ ആത്മാവ് മഹാവിഷ്ണുവില്‍ ലയിക്കുന്നു എന്നാണ് വിശ്വാസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :