കല്ലും മുള്ളും കാലിന്‌ മെത്ത

PROPRO
വിശ്വാസത്തിന്‍റെ പാരമ്യത്തില്‍ അയ്യപ്പ ഭക്തന്മാര്‍ക്ക്‌ ദുര്‍ഘടങ്ങള്‍ പോലും ചവിട്ടു പടിയായി മാറുന്നു. പുണ്യപാപങ്ങളാകുന്ന ഇരുമുട്ടി കെട്ടുമായി നഗ്നപാദരായി കരിമല ചവിട്ടുമ്പോള്‍ കല്ലും മുള്ളും പോലും കാലിന്‌ മെത്തയായി മാറുകയാണ്‌.

മനസ്‌ തുറന്നുള്ള ശരണം വിളി മാത്രമായിരിക്കും എല്ലാ ദുര്‍ഘടങ്ങളും വഴിമാറാനുള്ള ആയുധം. ശബരിമലയിലേക്കുള്ള കാനനപാത യഥാര്‍ത്ഥ അയ്യപ്പ ഭക്തന്‌ പൂവിരിച്ചിട്ട പാതയായി മാറുകയാണ്‌.

ഏറെ പ്രയാസമുള്ള ഏരുമേലി വഴിയാണ്‌ പരമ്പരാഗത അയ്യപ്പ ദര്‍ശനം നടത്തിയിരുന്നവര്‍ യാത്ര ചെയ്യുന്നത്‌. പമ്പവഴിയുള്ള യാത്രയേക്കാള്‍ പ്രയാസമേറിയാതാണ്‌ എരുമേലിയാത്ര.

എരുമേലി വഴി പോകുമ്പോള്‍ ആചരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്‌. മഹിഷാസുര വധത്തെ ഓര്‍മ്മിച്ചുകൊണ്ടുള്ള പേട്ടതുള്ളല്‍ നടത്തണം.

മഹിഷിയെ അയ്യപ്പന്‍ നിഗ്രഹിച്ചപ്പോള്‍ ശരീരം വന്നു വീണ സ്ഥലമാണ്‌ എരുമേലി എന്നാണ്‌ പുരാണ സങ്കല്‍പം. കൊച്ചമ്പലത്തും വലിയമ്പലത്തും ദര്‍ശനം, പേട്ടതുള്ളല്‍, വാവരു പള്ളി ദര്‍ശനം എന്നിവ നിര്‍ബന്ധമാണ്‌.

പേരൂര്‍ തോടില്‍ കുളിച്ച ശേഷം പാറയില്‍ പൊടി വിതറുന്ന ചടങ്ങ് ഉണ്ട്‌. കൊട്ടപ്പാടി വന്ദിച്ച്‌ വേണം കാളകെട്ടിയിലേക്ക്‌ പ്രവേശിക്കേണ്ടത്.

ശിവനുമായി ബന്ധമുള്ള സ്ഥലമാണ്‌ കാളകെട്ടി. മഹിഷി നിഗ്രഹത്തിന്‌ ശേഷം ആനന്ദ നൃത്തം ചവിട്ടിയ അയ്യപ്പനെ ദര്‍ശിക്കാനെത്തിയ പരമശിവന്‍ തന്‍റെ വാഹനമായ കാളയെകെട്ടിയ സ്ഥലമാണിത്‌ എന്നാണ്‌ സങ്കല്‍പം.

ഭജനയും ശരണം വിളിയും നടത്തി വേണം ഈ വഴിയിലൂടെ മുന്നേറേണ്ടത്‌. അഴുതാനദിയില്‍ മുങ്ങി കല്ലെടുക്കണം. കല്ലിടാം കുന്നില്‍ വേണം അത്‌ ഇടേണ്ടത്‌. മഹിഷിയുടെ ജഡം കിടന്ന സ്ഥലമാണിത്‌ എന്നാണ്‌ സങ്കല്‍പം.

WEBDUNIA|
ഇഞ്ചിപാറകോട്ടയും കരിയിലാം തോടും കഴിഞ്ഞ്‌ കഠിനമായ കരിമലകയറ്റം ആരംഭിക്കാം. ‘സ്വാമിയേ ശരണമയ്യപ്പാ’ മന്ത്രം എല്ലാ കയറ്റങ്ങളേയും ലഘൂകരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :