ഉണ്ണിക്കണ്ണന്റെ കാലടി പതിഞ്ഞ കുറൂരമ്മ ക്ഷേത്രം

ദിനേശ് വെള്ളാറ്റഞ്ഞൂര്‍

Kurooramma Temple
WEBDUNIA|
WD
WD
ഉണ്ണിക്കണ്ണനെ പറ്റി കേള്‍ക്കുമ്പോഴൊക്കെ ഗുരുവായൂരിലെയും അമ്പലപ്പുഴയിലെയും ക്ഷേത്രങ്ങളാണ് ഓര്‍മയില്‍ ഓടിയെത്തുക. എന്നാല്‍ ഉണ്ണിക്കണ്ണന്‍ ഒരമ്മയുടെ വാത്സല്യം നുകര്‍ന്നുകൊണ്ട് ഓടിക്കളിച്ചുവെന്ന് ഐതിഹ്യങ്ങളില്‍ പറയുന്ന ഒരിടമുണ്ട്. അവിടെ ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രവുമുണ്ട്. ജീവിച്ചിരുന്ന വെങ്ങിലശേരിയാണ് ആ സ്ഥലം. അവിടെയുള്ള കുറൂരമ്മ ക്ഷേത്രത്തിലാണ് ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ളത്.

ഐതിഹ്യമാലയിലും മറ്റ് ഐതിഹ്യകഥകളിലും നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള കുറൂരമ്മ ജീവിച്ചിരുന്ന ഭൂമിയിലാണ്, ഉണ്ണിക്കണ്ണന്‍ ഓടിക്കളിച്ച മണ്ണിലാണ് ഈ ക്ഷേത്രമുള്ളത്. വെങ്ങിലിശേരിക്കാരുടെ ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രമാണ്, കുറൂരമ്മയുടെ കുറൂര്‍ മന സ്ഥിതി ചെയ്തിരുന്ന ഇല്ലപ്പറമ്പില്‍ പൌരാണികരീതിയില്‍ ഒരു ക്ഷേത്രം ഉയര്‍ന്നുവന്നത്.

വാസ്തുവിദ്യാപ്രകാരവും താന്ത്രിക വിധിപ്രകാരവുമാണ് ഇപ്പോള്‍ കാണുന്ന ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. ഏഴടി താഴ്ചയില്‍ മണ്ണു നീക്കി കരിങ്കല്ലില്‍ ചുറ്റും പടവുകള്‍ തീര്‍ത്തു ശേഷിക്കുന്ന നടുഭാഗത്തു പുഴമണല്‍ നിറച്ചാണ് ആറ് അംഗങ്ങളുള്ള പ്രതിഷ്ഠ നിര്‍വഹിച്ചത്. ബാലഗോപാല പ്രതിഷ്ഠയാണ് ഇവിടെ. വെണ്ണയ്ക്കു വേണ്ടി തുറന്നു വച്ച തൃക്കൈ. മറ്റൊരു കൈയില്‍ പൊന്നോടക്കുഴല്‍. കുസൃതിക്കണ്ണന് ഉടുക്കാന്‍ പട്ടുകോണകം. തൃക്കൈയില്‍ വയ്ക്കുന്ന വെണ്ണയാണു നിര്‍മാല്യത്തിനു ശേഷം ഭക്തര്‍ക്കു പ്രസാദമായി കൊടുക്കുന്നത്.

കാവുകളും ശിവക്ഷേത്രങ്ങളും ശ്രീരാമക്ഷേത്രവുമൊക്കെയുള്ള വേലൂര്‍ പഞ്ചായത്തിലാണ് വെങ്ങിലശേരി ഗ്രാമം. തൃശൂര്‍ കുന്നംകുളം റൂട്ടില്‍ കേച്ചേരിയില്‍ നിന്ന് ആറു കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഇതുള്ളത്. ചേര്‍ന്തല മഹാദേവക്ഷേത്രത്തില്‍ നടത്തിയ ഒരു അഷ്ടമംഗല്യപ്രശ്നചിന്തയിലാണു ശ്രീകൃഷ്ണചൈതന്യം ആ വെങ്ങിലശേരിയില്‍ ഉണ്ടെന്ന് കണ്ടത്. ശ്രീകൃഷ്ണചൈതന്യത്തിന്റെ ഉറവിടമാകട്ടെ, കുറൂര്‍ മന സ്ഥിതി ചെയ്തിരുന്ന ഇല്ലപ്പറമ്പുമായിരുന്നു.

വര്‍ഷങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്നിരുന്ന ഇല്ലപ്പറമ്പിന് അതോടെ ശാപമോക്ഷമായി. കുറൂരമ്മയുടെ നിര്‍വാണത്തിനുശേഷം മന നശിച്ചുപോയിരുന്നു. എന്നാല്‍, ചുറ്റുഭാഗത്തുമുള്ള ഭൂമി അന്യാധീനപ്പെട്ട് പോയപ്പോഴും ഇല്ലപ്പറമ്പ് മാത്രം അന്യാധീനപ്പെട്ടില്ല. മനയിരുന്ന സ്ഥാനം കൈയേറാനും ആര്‍ക്കും ധൈര്യമുണ്ടായില്ല. അങ്ങനെ നാട്ടുകാരുടെയും മറ്റ് ഭക്തരുടെയും സഹായത്തോടെ കുറൂര്‍ ക്ഷേത്രം ഉയര്‍ന്നു.

യഥാര്‍ത്ഥത്തില്‍ പാലക്കാട്ടായിരുന്നു. കുറൂര്‍മന. കുറൂര്‍ മനയിലെ അവകാശിക്കും പാലക്കാട്ടെ നാട്ടുരാജാവിനും തമ്മില്‍ സ്വരക്കേടുണ്ടാവുകയും ജീവാപായം ഉണ്ടാവുമെന്ന് പേടിച്ച് കുറൂര്‍ മനക്കാര്‍ വെങ്ങിലശേരിയിലേക്ക് വരികയുമായിരുന്നു. വെങ്ങിലശേരിയില്‍ തഴച്ചുവളര്‍ന്ന കുറൂര്‍ മനയിലെ ഒരു നമ്പൂതിരി തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വേദാധ്യാപകനായിരുന്നു. അല്‍‌പം പ്രായമായപ്പോഴാണ് വേളിക്കാര്യത്തെ പറ്റി നമ്പൂതിരി ഓര്‍മിച്ചത്. പുറയന്നൂര്‍ മനയിലെ ഗൗരി അന്തര്‍ജ്ജനത്തെ വേളികഴിച്ചു കുറൂര്‍മനയിലേക്കു കൊണ്ടുവരികയും ചെയ്തു.

എപ്പോഴും കൃഷ്ണഭക്തിയില്‍ ആറാടിയിരുന്ന മനസായിരുന്നു ഗൌരിക്ക്. അതുകൊണ്ടുതന്നെ, ലൗകിക ജീവിതത്തോട് ഈ അന്തര്‍ജ്ജനം വിരക്തി കാണിച്ചു. അകാലത്തില്‍ ഭര്‍ത്താവായ നമ്പൂതിരി മരിക്കുക കൂടി ചെയ്തതോടെ ഗൗരിയുടെ ജീവിതം കൃഷ്ണന് വേണ്ടിയുള്ള അര്‍ച്ചനയായി മാറി. ഗൌരിയുടെ കൃഷ്ണഭക്തി മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമായതോടെ ഗൌരിക്ക് ഏറെ വേദനയായി. ഏറെ താമസിയാതെ, വിധവയായ ഗൌരിയെ വെങ്ങിലശേരിയില്‍ ഉപേക്ഷിച്ച് മനയിലെ മറ്റുള്ളവര്‍ അടാട്ട് എന്ന സ്ഥലത്തേക്ക് താമസം മാറ്റി.

ആരോടും ഒന്നും മിണ്ടാനില്ലാതെ വിഷമിച്ച ഗൌരിക്ക് ഇതിനകം വയസായിക്കഴിഞ്ഞിരുന്നു. കുറൂര്‍ മനയ്ക്കലെ അന്തര്‍ജ്ജനമായിരുന്നതിനാല്‍ ‘കുറൂരമ്മ’ എന്നാണ് നാട്ടുകാര്‍ ഗൌരിയെ വിളിച്ചിരുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ കൃഷ്ണചിന്തയില്‍ ജീവിച്ച കുറൂരമ്മയ്ക്ക് മുന്നില്‍ ഒരുദിവസം കൃഷ്ണഭഗവാന്‍ പ്രത്യക്ഷപ്പെട്ടു.

അടുത്ത പേജില്‍ വായിക്കുക ‘അരിക്കലത്തില്‍ തടവിലായ ഉണ്ണിക്കണ്ണന്‍’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :