ദേവിയെത്തേടി രായിരനെല്ലൂര്‍ മലയിലേക്ക്!

Rayiranellur hill
PRO
PRO
ഏകദേശം ആയിരത്തിയഞ്ചൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതായി സങ്കല്‍‌പിക്കപ്പെടുന്ന പന്തിരുകുലത്തിലെ അഞ്ചാമനാണ് നാറാണത്ത് ഭ്രാന്തന്‍. നാറാണത്ത് മംഗലത്ത് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രാഹ്മണകുടുംബം എടുത്തുവളര്‍ത്തിയ അദ്ദേഹത്തിന്റെ ബാല്യകാലം ചെത്തലൂര്‍ ഗ്രാമത്തിലായിരുന്നു. തിരുവേഗപ്പുറയിലെ അഴോപ്പറ എന്ന മനയില്‍ താമസിച്ചുകൊണ്ട് വേദപഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പത്തുവയസുകാരനായ നാറാണത്ത് ഭ്രാന്തന് ചിത്തഭ്രമം ഉണ്ടാകുന്നത്. കുട്ടിക്ക് വലതുകാലില്‍ മന്തും ഉണ്ടായിരുന്നു.

ചിത്തഭ്രമം സംഭവിച്ച അദ്ദേഹം അവസാനം എത്തിപ്പെട്ടത്‌ രായിരനെല്ലൂര്‍ മലയുടെ താഴ്വരയിലാണ്. അഞ്ചൂറ് അടിയിലേറെ ഉയരമുള്ളതും നേരെ കുത്തനയുള്ളതുമായ ഒരു വലിയ കുന്നാണ്‌ രായിരനെല്ലൂര്‍ മല. ദിവസവും പ്രഭാതത്തില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ എടുത്ത് മലയുടെ താഴ്വരയില്‍ നിന്ന് വളരെ പ്രയാസപെട്ട് മലയുടെ മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും മുകളില്‍ എത്തികഴിഞ്ഞാല്‍ ആ കല്ല്‌ താഴേക്ക് തള്ളിയിടുകയുമായിരുന്നു നാറാണത്ത് ഭ്രാന്തന്റെ ഇഷ്ടവിനോദം. ഇതൊക്കെക്കണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ ഭ്രാന്തന്‍ എന്ന് വിളിച്ചു. അങ്ങനെയാണ് നാറാണത്ത് മംഗലത്തെ നാരായണന്‍ എന്നത് നാറാണത്ത് ഭ്രാന്തന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

നിത്യവും മലയുടെ മുകളിലേയ്ക്ക് കല്ല്‌ ഉരുട്ടികേറ്റുന്ന തൊഴില്‍ ഭംഗിയായി നിര്‍വഹിച്ചു പോരുന്ന നാറാണത്ത് ഭ്രാന്തനെ രായിരനെല്ലൂര്‍ മലയുടെ മുകളില്‍ കുടികൊള്ളുന്ന ദുര്‍ഗാദേവി ശ്രദ്ധിച്ചുപോന്നു. എന്നാല്‍ ദേവി അവിടെയുള്ള കാര്യം നാറാണത്ത് ഭ്രാന്തന്‍ അറിഞ്ഞതുമില്ല. ഒരിക്കല്‍ മലമുകളിലെത്തിയ ഭ്രാന്തനെക്കണ്ട് മലമുകളിലെ ആല്‍മരത്തില്‍ ഊഞ്ഞാല്‍ ആടുകയായിരുന്ന ദുര്‍ഗാദേവി ഭൂമിയിലേക്ക് മറിഞ്ഞുവെന്നാണ് ഐതിഹ്യം. ദുര്‍ഗാദേവിയെ നാറാണത്ത് ഭ്രാന്തന്‍ കണ്ട സ്ഥലത്താണ് രായിരനെല്ലൂര്‍ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പഴക്കം ആയിരത്തി അഞ്ചൂറ് വര്‍ഷത്തിലേറെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

(ചിത്രങ്ങള്‍ക്ക് കടപ്പാട് - നാട്ടുപച്ച ഡോട്ട് കോം, തണല്‍‌ട്രീ ഡോട്ട് ബ്ലോഗ്സ്പോട്ട് ഡോട്ട് കോം)

WEBDUNIA|
അടുത്ത പേജില്‍ വായിക്കുക “നാറാണത്ത് മംഗലത്ത് മനയ്ക്ക് എന്തുപറ്റി”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :