ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം

WEBDUNIA|

കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്ക് അടുത്തുള്ള ചെട്ടികുളങ്ങരയിലെ ഭഗവതി ക്ഷേത്രം.

മരം കൊണ്ടുള്ള വിഗ്രഹമാണിവിടെ. അതുകൊണ്ട് തന്നെ ചാന്താട്ടം ഇവിടത്തെ പ്രധാന ചടങ്ങാണ്. തേക്കിന്‍റെ തടിയില്‍ നിന്നെടുക്കുന്ന ദ്രാവകം ഒന്‍പത് കുടങ്ങളിലാക്കി പൂജിച്ച് ഉച്ച പൂജയ്ക്ക് ദാരുവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതാണ് ചാന്താട്ടം.

ശിലാ വിഗ്രഹങ്ങള്‍ നിലനില്‍ക്കാന്‍ എണ്ണ കൊണ്ട് അഭിഷേകവും ദാരു വിഗ്രഹങ്ങള്‍ കേടുകൂടാകാതിരിക്കാന്‍ ചാന്താട്ടവും നടത്തുക പതിവാണ്.

ഭദ്രകാളിയാണ് ഇവിടത്തെ പ്രധാന വിഗ്രഹം. കിഴക്കോട്ടാണ് ദര്‍ശനം. ദിവസേന മൂന്നു നേരം പൂജ. പ്ളാക്കുടി തന്ത്രമാണ് ആചരിക്കുന്നത്. ബാലകന്‍, ഗണപതി, യക്ഷി, മൂര്‍ത്തി, നാഗരാജാവ് എന്നിവയാണ് ഉപദേവതമാര്‍.

എല്ലാ മതക്കാര്‍ക്കും ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശനം ഉണ്ടെന്നതാണ് ഒരു പ്രധാന പ്രത്യേകത. കുംഭമാസത്തിലെ ഭരണി നാളിലാണ് പ്രധാന ആഘോഷം. അന്ന് നാനാജാതി മതസ്ഥരായ ആളുകള്‍ ഭേദവിചാരങ്ങളില്ലാതെ ക്ഷേത്രത്തില്‍ നിന്ന് കഞ്ഞിയും പുഴുക്കും കഴിക്കാറുണ്ട്. കുതിരമൂട്ടില്‍ കഞ്ഞി സദ്യ എന്നാണ് ഇതിനു പറയാറ്.

ഇത് ഒരു ബുദ്ധ ക്ഷേത്രമായിരുന്നു എന്നൊരു വാദഗതിയുണ്ട്. ക്ഷേത്രത്തെ വിശ്വപ്രസിദ്ധമക്കിയ കെട്ടുകാഴ്ച ബൗദ്ധ ഉത്സവത്തിന്‍റെ തുടര്‍ച്ചയാവാം എന്നാണ് കരുതുന്നത്.

കുംഭഭരണി കൂടാതെ മീനത്തിലെ അശ്വതി നാളിലും ഇവിടെ കെട്ടുകാഴ്ച നടക്കും. കുട്ടികളുടെ കെട്ടുകാഴ്ച എന്നാണ് ഇത് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂരില്‍ നിന്നും പുതുപ്പുരയ്ക്കല്‍ ഉണ്ണിത്താനും കൈത തെക്ക് മങ്ങാട്ടച്ചനും ചെമ്പോലില്‍ താങ്കളും കൊടുങ്ങല്ലൂരില്‍ ഭജനയിരുന്ന് ദേവിയെ ചെട്ടികുളങ്ങരയ്ക്ക് ആവാഹിച്ചു കൊണ്ടുവന്നു എന്നാണ് കഥ.

അശ്വതിനാളിലെ കെട്ടുകാഴ്ച നടന്നാല്‍ മീനഭരണി ദിവസം ഇവിടെ നട തുടക്കാറില്ല. ഭഗവതി കൊടുങ്ങല്ലൂരിലേക്ക് പോകുന്നു എന്നാണ് സങ്കല്‍പ്പം. ക്ഷേത്രത്തിനു മുന്നില്‍ 13 തട്ടുള്ള ആല്‍ വിളക്കുണ്ട്. 1001 തിരികള്‍ കത്തിക്കാനുള്ള ഈ വിളക്കിന്‍റെ തട്ടുകള്‍ പതിമൂന്നു കരകളെ പ്രതിനിധീകരിക്കുന്നു.

നാലമ്പലത്തിന്‍റെ വാതിലുകളിലും ക്ഷേത്രത്തിന്‍റെ ചുവരുകളിലും മനോഹരമായ ശില്‍പ്പങ്ങളുണ്ട്. ചാന്താട്ടവും കുത്തിയോട്ടവുമാണ് പ്രധാന വഴിപാടുകള്‍. അര്‍ച്ചന, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ വേറെയും.

മകര ഭരണി ദിവസം തീരും വിധം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ സപ്താഹ യജ്ഞവും നടത്താറുണ്ട്. ഇതോടൊപ്പം സമൂഹസദ്യയും നടത്താറുണ്ട്. വൃശ്ഛികത്തിലെ ഭരണി മുതല്‍ ചെട്ടികുളങ്ങരയില്‍ ഉത്സവ കാലം തുടങ്ങുകയായി.

വൃശ്ഛിക ഭരണിക്ക് വിഗ്രഹം കൈവെള്ളയില്‍ ഏന്തിയാണ് എഴുന്നള്ളത്ത്. എന്നാല്‍ ധനുമാസം മുതല്‍ മീനത്തിലെ അശ്വതി വരെ തോളില്‍ ഏറ്റി നടക്കാവുന്ന ജീവതയില്‍ ആണ് വിഗ്രഹം എഴുന്നള്ളിക്കുക.

മകരത്തിലെ ഭരണി കഴിഞ്ഞു വരുന്ന മകയിരം നാളില്‍ കൈനീട്ടപ്പറ - ഇത് പുരാതന തറവാടായ ചെമ്പോലില്‍ നിന്നാണ്.

പൂയം മുതല്‍ പറയ്ക്കെഴുന്നള്ളിപ്പാണ്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം തെക്ക്, മറ്റം വടക്ക്, മേനാംപള്ളി, നടൈക്കാവ് എന്നീ പതിമൂന്ന് കരകളില്‍ നിന്നാണ് പറയെടുപ്പ്.

കുംഭ ഭരണി നാളില്‍ പത്ത് വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ പങ്കെടുക്കുന്ന കുത്തിയോട്ടം നടക്കും.

മീനമാസത്തിലെ അശ്വതിക്ക് കുട്ടികളുടെ വഴിപാടായി നാനൂരില്‍ പരം കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലെത്തുക. അതുകൊണ്ട് ചിലരിത് കെട്ടുകാഴ്ചയേക്കാള്‍ പ്രധാനമായ ആഘോഷമായി കരുതുന്നു.

കൊല്ലം - ആലപ്പുഴ ദേശീയ പാതയില്‍ കായംകുളത്തെത്തി അവിടെ നിന്നും മാവേലിക്കരയ്ക്കുള്ള റോഡില്‍ ആറു കിലോമീറ്റര്‍ പോയാല്‍ ചെട്ടികുളങ്ങരയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :