ഓസ്കാര്‍ മികച്ച നടിക്കുവേണ്ടി ശക്തമായ പോരാട്ടം

WEBDUNIA|

ലോക സിനിമയിലെ മികച്ച നടിയെ തെരഞ്ഞെടുക്കാന്‍ ശക്തമായ മത്സരമാണ് നടന്നത്. നാമനിര്‍ദ്ദേശം ലഭിച്ചിരുന്ന എലെന്‍ പേജ്, കെയ്റ്റ് ബ്ലാന്‍‌ചെറ്റ്, ജൂലി ക്രിസ്റ്റി, ലോറ ലിന്നി, മരിയന്‍ കോറ്റിലാര്‍ഡ് എന്നിവര്‍ എല്ലാവരും മികച്ച പ്രകടനത്തിലൂടെ മുന്നിലെത്തിയവരാണ്.

എങ്കിലും ‘എവേ ഫ്രം ഹേര്‍’ എന്ന ചിത്രത്തിലെ നായിക ജൂലി ക്രിസ്റ്റിയും ഫ്രഞ്ച്‌ ചിത്രമായ ‘ലാ വൈ എന്‍ റോസി’ലെ നായിക മാരിയന്‍ കോറ്റിലാര്‍ഡുമാണ് പട്ടികയുടെ മുന്‍‌നിരയില്‍ ഇടം പിടിച്ചിരിക്കുന്നത്‌.

എവേ ഫ്രം ഹേര്‍ എന്ന ചിത്രത്തില്‍ അല്‍‌ഷിമേഴ്സ് രോഗം ബാധിച്ച സ്ത്രീയുടെ കഥാപാത്രത്തിലൂടെ നടത്തിയ പ്രകടനമാണ് ക്രിസ്റ്റിയെ ഓസ്കാര്‍ നാമനിര്‍ദ്ദേശത്തിന് അര്‍ഹയാക്കിയത്. ഇതേ കഥാപാത്രത്തിനു തന്നെ ക്രിസ്റ്റിക്ക് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും ലഭിച്ചിരുന്നു. 66കാരിയായ ക്രിസ്റ്റിയ്ക്ക് 1966ല്‍ മികച്ച നടിക്കുള്ള ഓസ്കാര്‍ ലഭിച്ചിരുന്നു. കൂടാതെ രണ്ട് തവണകൂടെ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുമുണ്ട്.

‘ലാ വെ എന്‍ റോസ്’ എന്ന ഫ്രഞ്ച് ചിത്രത്തില്‍ ഇതിഹാസ ഗായികയായ എഡിത്ത് പിയാഫിനെ അവതരിപ്പിച്ചാണ് മരിയന്‍ കോറ്റിലാര്‍ഡ് ഓസ്കാര്‍ നാമനിര്‍ദ്ദേശ പട്ടികയിലെത്തിയത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുള്ള കോറ്റിലാര്‍ഡിന്‍റെ ആദ്യ ഓസ്കാര്‍ നാമനിര്‍ദ്ദേശമാണിത്. ‘എലിസബത്ത്: ദി ഗോള്‍ഡന്‍ ഏജി’ലെ നായിക ബ്ലാന്‍‌‌ചെറ്റ് ആണ് സാധ്യതാ പട്ടിയില്‍ ഇടം‌പിടിച്ചിട്ടുള്ള മറ്റൊരു നടി. ഇത്തവണ രണ്ട് ഓസ്കാര്‍ നാമനിര്‍ദ്ദേശങ്ങളാണ് ഈ നടിക്ക് ലഭിച്ചിരിക്കുന്നത്.

മികച്ച നടിക്കുള്ളത് കൂടാതെ ‘ഐ ആം നോട്ട് ദേര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള മത്സരത്തിലും ബ്ലാന്‍‌ചെറ്റിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 2005ല്‍ ഏവിയേറ്ററിലെ അഭിനയത്തിന് ബ്ലാന്‍‌ചെറ്റിന് മികച്ച സഹ നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ രണ്ട് തവണ ഓസ്കാര്‍ നാമനിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ ‘ജുനോ’ എന്ന ചിത്രത്തില്‍ ഗര്‍ഭിണിയായ പതിനാറുകാരിയുടെ വേഷം കൈകാര്യം ചെയ്ത എലന്‍ പേജ്, ‘ദി സാവേജസി’ല്‍ അച്ഛനെ ശുശ്രൂഷിച്ച് കഴിയാന്‍ കൊതിക്കുന്ന മകളുടെ വേഷത്തിലെത്തുന്ന ലോറ ലിന്നി എന്നിവരും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :