കണ്ണീരും ചിരിയും

റാഫി-മെക്കാര്‍ട്ടിന്‍

FILEFILE
കൊച്ചുകൊച്ചു കുസൃതികളും കണ്ണുനീരുകളും ദുരിതങ്ങളുമെല്ലാം നിറഞ്ഞ ഓര്‍മ്മയാണ് റാഫിക്കും മെക്കാര്‍ട്ടിനും ഓണം.

അച്ഛന്‍ മരിച്ചതിന് ശേഷമുള്ള ഓണമാണ് മെക്കാര്‍ട്ടിന്‍ ഇന്നും ഓര്‍ക്കുന്നത്. 1970-ല്‍ ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അത്. മരിച്ചതിന്‍റെ ഏഴാംദിവസത്തെ ചടങ്ങ് തിരുവോണനാളിലായിരുന്നു.പിന്നെയുള്ള എല്ലാ ഓണത്തിനും ആ മനസ്സ് അസ്വസ്ഥപ്പെടുന്നു. കുസൃതിയും ചിരിയും വേറെ ചില ബാല്യകാല അനുഭവങ്ങളും മെക്കാര്‍ട്ടിനുണ്ട്.

അന്ന് ഏലൂരിലായിരുന്നു മെക്കാര്‍ട്ടിന്‍ താമസിച്ചിരുന്നത്. ഇന്ന് വാഹനസൗകര്യമുള്ള ഒരു ദ്വീപിലാണ് ചേച്ചിയെ വിവാഹം കഴിച്ചയച്ചത്. വീട്ടില്‍ നിന്നും കുറെ ദൂരെയാണീ ദ്വീപ്.പലഹാരങ്ങളെല്ലാം കെട്ടിപ്പെറുക്കി വഞ്ചിയിലാണ് പോകുന്നത്. ചേച്ചിയെ എവിടെയാണ് വിവാഹം കഴിച്ചയച്ചത് എന്ന് ചോദിച്ചാല്‍ ഓണം കേറാമൂലയിലാണ് എന്നാണ് ചെറിയച്ഛന്‍ പറയുക. ഓണം കേറാമൂലയിലും ഓണമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

ഒന്പതാം ക്ളാസില്‍ പഠിക്കുന്പോള്‍ ഒരു പ്രാദേശിക സംഘടനയുടെ പൂക്കള മത്സരത്തില്‍ പങ്കെടുത്തു.പക്ഷെ ഒരു പ്രശ്നം വന്നു. പൂ കുറവാണ്. തൊട്ടടുത്ത കോണ്‍വന്‍റില്‍ കയറി മോഷ്ടിക്കാന്‍ ഒടുവില്‍ തീരുമാനമായി.രാത്രി ഒരുമണിക്ക് അവിടുത്തെ മുഴുവന്‍ പൂക്കളും ഞങ്ങള്‍ പറിച്ചു.

വീട്ടില്‍ ചെന്നപ്പോഴാണ് സംഘടനയുടെ പ്രസിഡന്‍റിന്‍റെ അച്ഛന്‍ മരിച്ചു എന്നറിയുന്നത്. മല്‍സരം റദ്ദാക്കി ആ പൂവുകൊണ്ട് പിന്നീട് റീത്തുണ്ടാക്കി.കോണ്‍വന്‍റിലെ സ്ത്രീകളും മരണാനന്തര ചടങ്ങിന് എത്തിയിരുന്നു. ആ പ്രദേശത്ത് അവിടെ മാത്രമേ വലിയ ഡാലിയ പൂക്കള്‍ ഉണ്ടായിരുന്നുള്ളൂ എന്നതാണ് രസകരം.

ഒരു ഓണക്കാലത്താണ് മെക്കാര്‍ട്ടിന് ആദ്യമായി മിമിക്രി അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത് ഒരു വലിയ സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു അത്.

1989-ല്‍ കെ.റ്റി.ഡി.സിയുടെ ഓണ പ്രോഗ്രാം സമയം കൊച്ചിന്‍ റോസറി ക്ളബ്ബിന്‍റെ മിമിക്രി ട്രൂപ്പിലേക്ക് ആര്‍ട്ടിസ്റ്റുകളെ ക്ഷണിച്ചിരിക്കുന്നത് കണ്ടു.പാരലല്‍ കോളജില്‍ യുവജനോത്സവത്തിന് അതിഥി എത്തുവാന്‍ താമസിച്ചപ്പോള്‍ ഒരു മിമിക്രി അവതരിപ്പിക്കാന്‍ അന്നത്തെ കൊച്ചി മേയര്‍ ബാബു നിര്‍ബന്ധിച്ചു.

അന്നാണ് ആദ്യമായി വേദിയില്‍ കയറുന്നത്. ഇത് കാണാന്‍ റോസറി ബാബുവുണ്ടായിരുന്നു. അദ്ദേഹം റോസറി ടീമിലേക്ക് വിളിക്കുകയായിരുന്നു. അവിടെ വച്ചാണ് മെക്കാര്‍ട്ടിനെ പരിചയപ്പെടുന്നത്.ആ സൗഹൃദം ഇന്നും തുടരുന്നു.

ഓണം ഇല്ലായ്മയിലൂടെ നടന്നു ക്ഷീണിച്ച ഒരു യാത്രയാണ് റാഫിയെ ഓര്‍മ്മിപ്പിക്കുന്നത്. റാഫി പറയുന്നു.

പഠിച്ചുകൊണ്ടിരുന്ന അവസരത്തില്‍ ജോലിക്ക് പോകേണ്ടിവന്നു.ബാപ്പയുടെ ജോലി പോയ അവസരമായിരുന്നു അത്. വീട്ടില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ പാര്‍ട്ടി ഓഫീസില്‍ വരുന്ന ഒരാളിന്‍റെ കത്തുവാങ്ങിക്കൊടുത്താല്‍ ജോലി കിട്ടുമെന്ന് ഒരാള്‍ പറഞ്ഞു. കൈയിലുണ്ടായിരുന്ന ഒരു രൂപകൊണ്ട് ഫോര്‍ട്ട് കൊച്ചിക്ക് വണ്ടി കയറി.

പാര്‍ട്ടി ഓഫിസിലെത്തിയപ്പോള്‍ നേതാവ് മാലിപ്പുറത്താണെന്ന് അറിഞ്ഞ് അവിടെനിന്നും ബോട്ടുകയറി മാലിപ്പുറത്തെത്തിയപ്പോള്‍ നേതാവ് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോയതായി അറിഞ്ഞു. വീണ്ടും ഫോര്‍ട്ടുകൊച്ചിയിലെത്തി.കൈയിലുണ്ടായിരുന്ന പൈസ മുഴുവന്‍ തീര്‍ന്നിരുന്നു.ഭക്ഷണംപോലും കഴിച്ചിരുന്നില്ല.

നേതാവിനെകണ്ട് കാര്യം പറഞ്ഞു. അദ്ദേഹം കത്തെഴുതി തന്നു. ജോലികിട്ടി. അവിടെനിന്ന് തിരിച്ച് വീടുവരെ നടന്നു. അന്നൊരു ഓണമുണ്ടെന്നു മനസിലായി-റാഫി ചിരിക്കുന്നു.

ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കുമിടയിലും ഓണം തങ്ങള്‍ നന്നായി ആഘോഷിച്ചുവെന്ന് റാഫിയും മെക്കാര്‍ട്ടിനും ഒരേ സ്വരത്തില്‍ പറയുന്നു. ഞങ്ങള്‍ കണ്ടുമുട്ടിയതിനു ശേഷമുള്ള എല്ലാ ഓണവും ഞങ്ങളാഘോഷിച്ചു.

ആരാണ് ഓണം കൂടുതലുണ്ടതെന്ന തര്‍ക്കം ഇരുവര്‍ക്കുമിടയിലുണ്ട്.തന്നേക്കാള്‍ 12 ഓണം മെക്കാര്‍ട്ടിന്‍ കൂടുതലുണ്ടെന്ന് റാഫിയും അങ്ങനെയല്ലെന്ന മെക്കാര്‍ട്ടിനും.തമാശയുടെ നിറവില്‍ ഇരുവരും ചിരിക്കുന്നു.
WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :