ഉത്രാടപ്പാച്ചില്‍ തുടങ്ങി

തിരുവനന്തപുരം| WEBDUNIA|

തിരുവോണത്തിന്‍റെ തലേന്നാണ് ഉത്രാടം. ഓണത്തിന് ഒരുങ്ങുന്നത് ഉത്രാടത്തിനാണ് എങ്ങും തിരക്കോട് തിരക്ക് ഈ തിരക്കിനെയാണ് മലയാളികള്‍ ഉത്രാടപ്പാച്ചില്‍ എന്നു വിളിച്ചിരുന്നത്. സാഹചര്യങ്ങല്‍ മാറിയെങ്കിലും ഇപ്പോഴും ഉത്രാടപ്പാച്ചില്‍ തുടരുന്നു.

ഗൃഹാതുര സ്മരണകളുമായി നാടും നഗരവും ഉത്രാടത്തേയും ഓണ നാളിനേയും വരവേല്‍ക്കാന്‍ അണിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു. ഉത്രാടത്തിന്‍റെ പൂനിലാവ് പരക്കുകയായി .

തെക്കന്‍ കേരളത്തില്‍ ഓണത്തിന് തലേന്ന് വീടുകളില്‍ ഉത്രാട വിളക്ക് കത്തിച്ചു വയ്ക്കാറുണ്ട്. ഉത്രാടത്തിന് ഗുരുവായൂരെ കൊടിമരച്ചുവട്ടില്‍ കാഴ്ച്ചക്കുല സമര്‍പ്പിക്കാറുണ്ട്. ഇതിന് ഉത്രാടകാഴ്ച എന്നാണ് പറയുക പുലികളിയും തുമ്പിതുള്ളലും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ കണ്ട് മലയാളികള്‍ മനം നിറയ്ക്കുകയാണ്.

മറുനാട്ടിലും ദൂരദേശത്തുമുള്ള കുടുംബാഗംങ്ങള്‍ ഒരുമിക്കുന്ന ആനന്ദത്തിന്‍റെ തിരുനാളിന് മനോഹാരിത ഉറപ്പ്. കുടുംബത്തിലെ കാരണവര്‍ ഓണക്കോടി സമ്മാനിക്കും. മുറ്റത്തെ മാവിന്‍കൊമ്പില്‍ കെട്ടിയ ഊഞ്ഞാലിലിരുന്ന് ആടുമ്പോള്‍ ഒപ്പം പാട്ടുകളും മുഴങ്ങും. ഓണക്കളികളുടെ കാര്യം പറയുകയും വേണ്ട. തലപ്പന്തും തിരുവാതിരക്കളിയുമെല്ലാം അരങ്ങേറും.

ഓണത്തിന് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ണുന്നതും ഏറെ ആഹ്ളാദജനകമാണ്. വാഴയിലയില്‍ രുചിഭേദങ്ങളുടെ വൈവിധ്യം. കറികളും ഉപ്പേരിയും ശര്‍ക്കര വരട്ടിയും പഴവുമെല്ലാം ഒന്നിനൊന്നു മെച്ചം. മധുരം പകരാന്‍ പായസം കൂടിയാകുമ്പോള്‍ സദ്യ കെങ്കേമം. ഇവയെല്ലാം ഒരുക്കുന്നതും തിരുവോണത്തെ വരവേല്‍ക്കാനായി മനസിനെ തയ്യാറാക്കുന്നതും ഉത്രാടനാളിലാണ്.

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളാണ് ഉത്രാടത്തിന്‍റെ നിറപ്പകിട്ട്. ഉത്രാടനാളിന്‍റെ തലേദിനം കേരളത്തിലെ വിപണികള്‍ സജീവമായി. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ ദിനം കച്ചവടക്കാരുടെ ചാകരയാണ്. കാണം വിറ്റം ഓണമുണ്ണാന്‍ മലയാളികള്‍ തയ്യാറെടുക്കുമ്പോള്‍ വിപണികളില്‍ തിരക്കേറുക സ്വാഭാവികവും.

സംസ്ഥാനത്ത് വ്യാപരശാലകളെല്ലാം സജീവമായിക്കഴിഞ്ഞു. കടകളില്‍ സ്റ്റോക്കുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റു തീരുന്നു. വസ്ത്ര വിപണിയിലും തിരക്ക് പതിവ് ഓണക്കാലത്തെ പോലെ തന്നെ. പുതിയ ഫാഷനുകള്‍ പരീക്ഷിക്കുന്ന അധുനിക യുവത്വത്തിനും ഓണക്കോടി നിര്‍ബന്ധമാണെന്ന് കടക്കാരുടെ വാക്കുകള്‍ സാക്‍ഷ്യപ്പെടുത്തുന്നു.

പച്ചക്കറി വാങ്ങാനും ഉത്രാട തലേന്ന് നല്ല തിരക്കുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഓണ വിപണികളിലെല്ലാം ആവശ്യക്കാരുടെ നീണ്ട നിര ദൃശ്യമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :