കവറിട്ട പന്തുകള്‍”

വിനോദ് ശശിധരന്‍

Maveli
FILEWD
ഓണം സമൃദ്ധിയുടെയും നിറവിന്‍റെയും മാത്രം കാലമല്ല. തിടംവച്ച് കയറുന്ന ഒരു പിടി ഓര്‍മ്മകളുടേത് കൂടിയാണ്. അല്ലെങ്കില്‍ ഓര്‍മ്മ തന്നെയാണല്ലോ ഓണം.

കുട്ടിക്കാലത്തിന്‍റെ മഞ്ഞച്ച് തുടങ്ങിയ ചിത്രങ്ങളില്‍ ഓണം കാത്തിരിപ്പിന്‍റേതായിരുന്നു. ഏഴുതിരിയിട്ട വിളക്കിന് ചുവട്ടില്‍ പടിക്കലിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു ബാലന്‍റെ ചിത്രം ഓര്‍മ്മയുടെ ആല്‍ബത്തിലെവിടെയോ സുഭദ്രം.

കാത്തിരിപ്പ് അച്ഛന് വേണ്ടിയാണ്, “കവറിട്ട പന്തും” ഓണക്കോടിയുമായി പടികയറി വരുന്ന അച്ഛനെ കാത്തിരിക്കുന്ന കുട്ടിയുടെ കണ്ണുകളില്‍ പിന്നെ ഉറക്കം ഊഞ്ഞാല്‍ ആടാന്‍ തുടങ്ങും. ഒന്നിനും തികയാത്ത ശമ്പളത്തിനെ പഴിച്ചു കൊണ്ടുള്ള ശബ്ദം ഉയരുമ്പോഴായിരിക്കും പിന്നെ ഉണരല്‍. പച്ചക്കറിക്കെട്ടുകള്‍ക്കിടയിലും ഓണക്കോടികള്‍ക്കിടയിലും ആഞ്ഞുതിരഞ്ഞത് കടും വര്‍ണങ്ങള്‍ വരഞ്ഞ ആ “കവറിട്ട പന്തായിരുന്നു”. പക്ഷേ ഒരിക്കലും അത് കണ്ടെത്താനായില്ല.

പൂക്കളും പൂവിളികളും കൂട്ടുക്കാരുമില്ലാത്ത ബാല്യത്തിന്‍റെ ഓണാഘോഷം ഓണസദ്യയിലൊതുങ്ങി. അയല്‍‌പക്കത്ത് കുട്ടികളുടെ ആരവങ്ങള്‍ ഉയരുമ്പോള്‍ അവിടേക്ക് എത്തിനോക്കാനെങ്കിലും ആശ. എന്‍റെ മനസിലും ഓണത്തിന്‍റെ ആരവം പതിഞ്ഞ സ്വരത്തില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

“ചന്തലേം പോയില്ല നേന്ത്രക്കാ വാങ്ങീല്ലാ,
എന്തെന്‍റെ മാവേലീ ഓണം വന്നു.
നങ്ങേലി പെണ്ണിന്‍റെ അങ്ങേരും വന്നീല്ല
എന്തെന്‍റെ മാവേലീ ഓണം വന്നു..”

എന്നുള്ള ഓണപ്പാട്ടിന്‍റെ പരിഭവങ്ങള്‍ നിറയുന്ന പാട്ട് വായിക്കുമ്പോള്‍ എനിക്കുള്ള പരിഭവം “കവറിട്ട പന്ത്” ലഭിക്കാത്തതിലുള്ളതായിരുന്നു. അയല്‍‌പക്കത്ത് കളിക്കുന്ന കൂട്ടുക്കാര്‍ക്കരുകില്‍ പോയി കളിക്കാന്‍ തോന്നിയെങ്കിലും തുടയില്‍ ആഞ്ഞ് പതിക്കുന്ന ചൂരല്‍ മുളയെ കുറിച്ചോര്‍ത്തപ്പോള്‍ ആ ആശ ഉള്ളില്‍ തന്നെ ഒതുങ്ങി. പിന്നെ എത്ര ഓണം പിറന്ന് മാഞ്ഞു. ഒരിക്കലും “കവറിട്ട പന്തുകള്‍” എന്നെ തേടിയെത്തിയില്ല. അയല്‍‌പക്കത്തെ കുട്ടികളുടെ കലമ്പലുകളില്‍ എന്‍റെ ചിണുങ്ങലുകള്‍ പതുക്കെ ഒഴുകിപ്പോയി. ഓണപ്പാട്ടും ഊഞ്ഞാലും ഇല്ലാതെ ഒറ്റപ്പെടലിന്‍റെ നൊമ്പരുവുമായി ബാല്യം പടിയിറങ്ങി പോയി.

കൌമാരത്തിന് ഓണം ആഘോഷത്തിന്‍റേതായിരുന്നു. വീടിന് ഇടുങ്ങിയ ചുമരുകളില്‍ നിന്ന്‌ പുറം‌ലോകത്തിന്‍റെ വിശാലത തേടിയ കാലം. സൌഹൃദത്തിന്‍റെ കലമ്പലുകളില്‍ ഓണം കൂട്ടായ്മയുടേതായി മാറി. ക്ലബ് വാര്‍ഷികം, ഓണക്കളികള്‍, മത്സരങ്ങള്‍ ഓണക്കാലം തിരക്കിന്‍റേതായി മാറി.വിജയികള്‍ സമ്മാനങ്ങളുമായി പടിയിറങ്ങുമ്പോള്‍ പടിപ്പുരമുതല്‍ ശകാരവര്‍ഷമെങ്കിലും ആദ്യം നേടിയ സമ്മാനത്തിന്‍റെ നിറവുമായി കൌമാരത്തിന്‍റെ ഓണം. പക്ഷേ അപ്പോഴും ഓണത്തിന് എന്‍റെ മനസിനെ പൂര്‍ണതയിലെത്തിക്കാന്‍ കഴിയുന്നില്ലായിരുന്നു. എന്തൊക്കെയോ എവിടെയൊക്കെയോ നഷ്‌ടപ്പെട്ടത് പോലെ.

ഓണം ആദ്യ പ്രണയത്തിന്‍റേത് കൂടിയാ‍ണ്. ആള്‍ തിരക്കിനിടയില്‍ പട്ടുപാവാടയുടുത്ത ഒരു പെണ്‍കുട്ടിയില്‍ കണ്ണുടക്കുന്നു. ചില നോട്ടങ്ങള്‍ ചെറുപുഞ്ചിരി. പെട്ടെന്ന് ആള്‍ കൂട്ടത്തില്‍ അവള്‍ മറയുന്നു. കണ്ണുകള്‍ അസ്വസ്തമായി പരതി നടക്കുന്നു. പക്ഷേ ആ പുഞ്ചിരി തുണ്ട് പിന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലാം ശാന്തമായി എങ്കിലും ഒറ്റയ്ക്കിരിക്കുമ്പോള്‍ ആ പതിഞ്ഞ വേദന പ്രണയത്തിന്‍റേതായി വിരഹത്തിന്‍റേതായി. മറക്കാതിരിക്കാന്‍ ഒരു ഓണം കൂടിയായി.

കാലം അശ്വവേഗമായി മാറി. ഓണങ്ങള്‍ പലത് കഴിഞ്ഞു, തളച്ചിടാന്‍ ശ്രമിക്കുന്ന ചിറകുകള്‍ക്ക് മോചനം ലഭിച്ചപ്പോള്‍ ആ സ്വതന്ത്ര്യം ഉന്മാദം പോലെ ആഘോഷിച്ചു. ഓണക്കാലത്ത് വാശിപിടിച്ച് ഹോസ്റ്റല്‍ മുറിയില്‍ ചടഞ്ഞ് കൂടി. കൂട്ടുക്കാരനില്‍ നിന്നും കടം വാങ്ങിയ “ഹീറ്ററി“ല്‍ “കഞ്ഞി“ ഉണ്ടാക്കി. കരിയില കൂട്ടി ഉണക്കമീന്‍ ചുട്ടു തിന്നു. കലണ്ടറില്‍ നിന്നും ഓണനാള്‍ കീറി കളഞ്ഞു. ആരോടെന്നില്ലാത്ത പ്രതിഷേധത്തിന്‍റേതായിരുന്നു ഓണം.

WEBDUNIA|
എല്ലാം കഴിഞ്ഞ് അര വയറോടെ രാത്രി ഹോസ്റ്റല്‍ മുറിയില്‍ കിടക്കുമ്പോള്‍ മുത്തശ്ശിക്കഥയിലെ “മാവേലി”യും ഞാന്‍ കണ്ട സമത്വമില്ലാത്ത നാടും മനസില്‍ നിറഞ്ഞിരുന്നു. എങ്കിലും എനിക്ക് ഓണം “കവറിട്ട പന്തുകള്‍ക്ക്” വേണ്ടിയുള്ള വ്യഗ്രതയായി അവശേഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :