മലയാള പഠനത്തിനു മറുനാട്ടില്‍ സംവിധാനം

V.S.Achyuthanandan
PROPRO
മറുനാട്ടിലെ മലയാളികളുടെ കുട്ടികള്‍ക്ക് മാതൃഭാഷയായ മലയാളം പരിചയപ്പെടുത്തുന്നതിനായി കേരള സര്‍ക്കാര്‍ മലയാളം മിഷന്‍ ആരംഭിക്കും. ഡല്‍‌ഹി മലയാള ഭാഷാ പഠന കേന്ദ്രം പരീക്ഷകളില്‍ വിജയിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യവേ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതാണിത്.

മറുനാട്ടിലെ മലയാളികളുടെ പുതിയ തലമുറ മലയാള ഭാഷ മറക്കുകയാണ്. ഭാഷ പഠിക്കാനുള്ള സൌകര്യവും അവസരവും ലഭിക്കാത്തതാണിതിനു കാരണമെന്നും അച്യുതനന്ദന്‍ പറഞ്ഞു.

ഇന്ത്യയിലെ തന്നെ മുംബൈ, ചെന്നൈ എന്നീ നഗരങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മലയാള ഭാഷാ പഠനത്തിനു സൌകര്യം ഏര്‍പ്പെടുത്തണം എന്ന് മറുനാടന്‍ മലയാളികളുടെ അഭ്യര്‍ത്ഥന സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടങ്ങളില്‍ ഈ സൌകര്യം ഒരുക്കാന്‍ സന്നദ്ധ സംഘടനകളും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍‌ഹി മലയാള ഭാഷ പഠനകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിക്കാനും മറന്നില്ല.

ഭാ‍ഷാ പഠന കേന്ദ്രം പ്രസിഡന്‍റ് പ്രൊഫസര്‍ ഓം‌ചേരി എന്‍.എന്‍.പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലയാളിയായ ഇഗ്നൌ വൈസ് ചാന്‍സലര്‍ ഡോ.വി.എന്‍.രാജശേഖരന്‍ പിള്ള, ഡോ.എഴുമറ്റൂര്‍ രാജ രാജ വര്‍മ്മ, ഔദ്യോഗിക ഭാഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജിജി തോംസണ്‍ എന്നിവരും പങ്കെടുത്തു.

ഭാഷാ പഠനത്തില്‍ ഡല്‍‌ഹി ഭാഷാ പഠന കേന്ദ്രത്തിലെ അദ്യാപകര്‍ക്ക് അക്കാദമിക് രംഗത്തും പരിശീലനം നല്‍കാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ഡോ.വി.എന്‍.രാജശേഖരന്‍ പിള്ള പറഞ്ഞു.
ന്യൂഡല്‍‌ഹി| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :