റേഷന്‍കാര്‍ഡ്‌: പ്രവാസികള്‍ പരിഗണനയില്‍

Minister Divakaran inaugurates Pravasi Malayali Conference
PROPRO
സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ നല്‍കുന്ന റേഷന്‍കാര്‍ഡ്‌ സൗകര്യം പ്രവാസി മലയാളികള്‍ക്കും നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന്‌ മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. ലോക പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യവേയാണ്‌ അദ്ദേഹം ഇത്‌ പറഞ്ഞത്‌.

പ്രവാസി മലയാളി ഡെവലപ്‌മെന്‍റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സംഗമം സംഘടിപ്പിച്ചത്‌. പ്രവാസി മലയാളി ഡെവലപ്‌മെന്‍റ് സൊസൈറ്റി സെക്രട്ടറി ആര്‍. രാജന്‍ എടയാടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത്‌ ഇപ്പോള്‍ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്ന സമയമായതിനാല്‍ നാട്ടിലുള്ളവര്‍ക്ക്‌ റേഷന്‍കാര്‍ഡ്‌ നേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. റേഷന്‍കാര്‍ഡ്‌ പുതുക്കല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും പ്രവാസികള്‍ക്കു റേഷന്‍കാര്‍ഡ്‌ നല്‍കുന്ന കാര്യം പരിഗണിക്കുക.

ഇതോടൊപ്പം മലയാളികള്‍ ധാരാളമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ മലയാളികള്‍ക്ക്‌ ആവശ്യമുള്ള നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കാന്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കും.

സംസ്ഥാനത്തെ പാല്‍ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഇടുക്കി, വയനാട്‌ ജില്ലകളില്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതുമായി വിദേശ മലയാളികളെ സഹകരിപ്പിക്കാന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2007 (13:05 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :