യു.എ.ഇയുമായി പുതിയ തൊഴില്‍ കരാര്‍

ന്യൂഡല്‍ഹി:| WEBDUNIA|

വെള്ളി, 15 ഡിസംബര്‍ 2006

ഇന്ത്യയും യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സുമായി പുതിയ തൊഴില്‍ കരാര്‍ ഒപ്പുവച്ചു. വയലാര്‍ രവിയുടെ ഓഫീസില്‍ വച്ചാണ്‌ ധാരണാപത്രം ഒപ്പുവച്ചത്‌.

കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍രവിയും യു.എ.ഇ തൊഴില്‍ മന്ത്രി ഡോ. അലിബിന്‍ അബ്‌ദുള്ള അല്‍ കാബിയും ആണ്‌ കരാര്‍ ഒപ്പുവച്ചത്‌. ഈ രംഗത്തുള്ള ഇടനിലക്കാരെ തീര്‍ത്തും ഒഴിവാക്കും എന്നും ഇവര്‍ ഇരുവരും ചേര്‍ന്ന്‌ നടത്തിയ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

തൊഴില്‍രംഗത്തെ സഹകരണം ഉറപ്പാക്കിക്കൊണ്ട്‌ ഒപ്പുവച്ച ധാരണാപത്രത്തെക്കുറിച്ച്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്‌.

കരാറിലെ പ്രധാന ഉള്ളടക്കം യു.എ.ഇയില്‍ തൊഴില്‍ദായകരും തൊഴിലാളികളും ഒപ്പുവയ്ക്കുന്ന കോണ്‍ട്രാക്‌ടില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ സ്‌പോണ്‍സര്‍ക്ക്‌ കഴിയില്ല എന്നതാണ്‌.

ഇതു കൂടാതെ തൊഴിലവസരം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇരു രാജ്യങ്ങളും കൈമാറണമെന്നും എല്ലാ തൊഴില്‍ കോണ്‍ട്രാക്‌ടുകളും യു.എ.ഇ സര്‍ക്കാരിന്റെ അംഗീകാരം തേടണമെന്നും ധാരണാപത്രത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്‌.

ഇരു രാജ്യങ്ങളുടെയും മൂന്ന്‌ പ്രതിനിധികള്‍ വീതം ഉള്‍പ്പെടുന്ന കമ്മിറ്റി ധാരണാപത്രത്തിന്റെ നടപ്പാക്കല്‍ നടപടികള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാനും തീരുമാനമായിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :