ക്‌നാനായ കാത്തലിക്‌ കണ്‍വെന്‍ഷന്‍ സമാപിച്ചു

ഒന്റഗിയോ| WEBDUNIA|

വ്യാഴം, 5 ഓഗസ്റ്റ്‌ 2004

ആറാമത്‌ നോര്‍ത്തമേരിക്കന്‍ ക്‌നാനായ കാത്തലിക്ക്‌ കണ്‍വെന്‍ഷന്‌ ടൊറോന്റോ കോണ്‍ഗ്രസ്‌ സെന്ററില്‍ വര്‍ണാഭമായ പര്യവസാനം. ജൂലൈ 29 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്‌ അഭിവന്ദ്യ പിതാവ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ നേതൃത്വം നല്‍കിയ സമൂഹബലിയോടെയാണ്‌ കണ്‍വെന്‍ഷന്‍ ആരംഭിച്ചത്‌.

തുടര്‍ന്ന്‌ നടന്ന ഉദ്ഘാടന സമ്മേളനം മലങ്കര സുറിയാനി ക്‌നാനായ ഭദ്രാസനം മെത്രാപ്പോലീത്ത കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌, കാനഡ ആരോഗ്യ വകുപ്പ്‌ മന്ത്രി ഉജ്ജല്‍ ഡോശാംഗ്‌, ഒന്‍തറാരിയോ ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രി ഹരീന്ദര്‍ ഠാക്കര്‍, കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ജോണി പുത്തന്‍പറമ്പില്‍, മുന്‍ എം.പി ബോബ്‌ ഡെച്ചേര്‍ട്ട്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചെണ്ടമേളവും താലപ്പൊലിയുമായി കേരളത്തനിമയാര്‍ന്ന വേഷത്തില്‍ നൂറുകണക്കിന്‌ സ്ത്രീ-പുരുഷന്മാരുടെ അകമ്പടിയോടെയാണ്‌ വിശിഷ്ടാതിഥികളെ സ്റ്റേജിലേക്ക്‌ ആനയിച്ചത്‌. അമേരിക്കന്‍-കനേഡിയന്‍-ഇന്ത്യന്‍ ദേശീയഗാനാലാപനത്തോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. "ഐക്യമാണ്‌ തങ്ങളുടെ ശക്തി, പാരമ്പര്യമാണ്‌ തങ്ങളുടെ മഹിമ, പരിശുദ്ധിയാണ്‌ തങ്ങളുടെ അസ്ഥിത്വം" എന്ന സന്ദേശമാണ്‌ കണ്‍വെന്‍ഷനില്‍ ഉടനീളം മുഴങ്ങി കേട്ടത്‌.

ക്‌നാനായ ചരിത്രം സ്റ്റേജ്‌ ഷോയിലൂടെയും ഡാന്‍സിലൂടെയും അവതരിപ്പിച്ചത്‌ കാണികളുടെ മനം കവര്‍ന്നു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോസഫ്‌ പതിയില്‍, കെ.സി.എന്‍.എ.സി. പ്രസിഡന്റ്‌ ജോണി പുത്തന്‍പറമ്പില്‍, റവ. ഫാ. തോമസ്‌ മുളവനാല്‍, ജോസ്‌ കോട്ടൂര്‍, ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍, കെ.സി.വൈ.എല്‍.എന്‍.എ പ്രസിഡന്റ്‌ ആഷാ കുന്നശ്ശേരി എന്നിവര്‍ സംസാരിച്ചു. കെ.സി.എ.സി പ്രസിഡന്റ്‌ സോണി പുഴിക്കാലായില്‍ സ്വാഗതവും, ജോയിന്റ്‌ സെക്രട്ടറി എല്‍സി ചക്കുപുരയ്ക്കല്‍ കൃതജ്ഞതയും പറഞ്ഞു.

കണ്‍വെന്‍ഷന്റെ ആദ്യ ദിവസം ചിത്രയും ബിജു നാരായണ൹ം സംഘവും അവതരിപ്പിച്ച ഗാനമേളയും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 ക്‌നാനായ കത്തോലിക്കാ സംഘടനകളുടെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകളും മാജിക്‌ ഷോ, ഗാനമേള തുടങ്ങി ഒട്ടേറെ വിനോദ-കലാപരിപാടികളുമുണ്ടായിരുന്നു.

സെമിനാറുകള്‍, വനിതാ സമ്മേളനം, കലാ-കായിക മത്സരങ്ങള്‍, ഫൊറോനോ സമ്മേളനം, ബാങ്ക്വറ്റ്‌, ചിരിയരങ്ങ്‌, ദിവ്യബലി, കൂട്ടായ്‌മകള്‍, ആരാധന എന്നിവയും നടന്നു. കെ.സി.എന്‍.എ.സി ജനറല്‍ സെക്രട്ടറി ഷീന്‍സ്‌ അകശാല സമാപന സന്ദേശം നല്‍കി.

ക്‌നാനായ കൂട്ടായ്‌മയും പാരമ്പര്യങ്ങളും പൈതൃകവും ഒത്തുചേരുന്ന അവിസ്മരണീയ ദിനങ്ങള്‍ക്ക്‌ സാക്‍ഷ്യം വഹിച്ചത് മൂവായിരത്തോളമാളുകളാണ്‌ കാനഡാ കണ്‍വെന്‍ഷനെത്തിയത്‌. ഓഗസ്റ്റ്‌ 1 ന്‌ അവസാനിച്ച കണ്‍വെന്‍ഷന്‍ സോണി പുഴിക്കാലാ പ്രസിഡന്റായുള്ള കാനഡയിലെ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ആതിഥേയത്വത്തിലാണ്‌ നടന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :