കൊറിയയില്‍ മാസ്കിന്റെ ഓണഘോഷം

പ്രസന്നകുമാര്‍ ചിറപ്പുറത്ത്‌

WEBDUNIA|

ചൊവ്വ, 24 ഓഗസ്റ്റ്‌ 2004

സോള്‍: ഓണത്തപ്പനെ വരവേല്‍ക്കാന്‍ കൊറിയയിലെ മലയാളി സമൂഹവും ഒരുങ്ങുന്നു. മൂന്നാം ഓണദിനമായ ഓഗസ്റ്റ്‌ 29ന്‌ പൂക്കങ്ങളും ഓണസദ്യയുമെല്ലാമൊരുക്കി ഓണത്തെ വരവേല്‍ക്കാന്‍ അവര്‍ ഒരുങ്ങുകയാണ്‌. മലയാളി അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ കൊറിയ(മാസ്ക്‌)യാണ്‌ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.

ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിനടുത്തുള്ള ഹാന്‍സുങ്ങിലെ ക്ലാരന്റയിന്‍ സെമിനാരി ഹാളിലാണ്‌ ആഘോഷ പരിപാടികള്‍ നടക്കുക. രാവിലെ പത്ത്‌ മണിക്ക്‌ തുടങ്ങുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം നാല്‌ മണിയോടെ അവസാനിക്കും. ദക്ഷിണ കൊറിയയിലെ ഇന്ത്യന്‍ അംബാസിഡറിന്റെ സെക്രട്ടറിയും മലയാളിയുമായ കെ.ജി.നായരും പത്‌നിയുമാണ്‌ ചടങ്ങിലെ വിശിഷ്‌ടാതിഥികള്‍.

കൊറിയയില്‍ ലഭിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ചുള്ള ഓണസദ്യയും ഉണ്ട്‌. ഒരോ കുടുംബവും ഒരോ കറിയുമായാണ്‌ പരിപാടിക്കെത്തുക. ഓണസദ്യക്ക്‌ ശേഷം കലാപരിപാടികള്‍ നടക്കും. കൊറിയന്‍ മലയാളികളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയോടെയാണ്‌ ആഘോഷ പരിപാടികള്‍ സമാപിക്കുക.

അന്‍പതോളം മലയാളികള്‍ ഓണഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന്‌ മാസ്ക്‌ ഭാരവാഹികള്‍ വെബ്‌ലോകത്തോട്‌ പറഞ്ഞു. കൊറിയയിലെ മലയാളികളുടെ മനസ്സില്‍ ഗൃഹാതുരത്വം ഉണ്ടാക്കുകയാണ്‌ ഇതിലൂടെ ശ്രമിക്കുന്നതെന്നും മാസ്ക്‌ കൂട്ടിച്ചേര്‍ത്തു. മാസ്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാം ഓണാഘോഷമാണിത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :