ഹജ്ജിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മെക്ക| WEBDUNIA| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (16:41 IST)
PRO
PRO
മാനുഷിക ബന്ധങ്ങളെല്ലാം ഒഴിവാക്കി വിനയാന്വിതനായി ദൈവത്തിന്‍റെ സാന്നിധ്യത്തില്‍ ലയിച്ചു ചേരുന്ന ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് ഇതുവരെ 25,000 തീര്‍ത്ഥാടകര്‍ മെക്കയിലെത്തി. സര്‍ക്കാരിന്‍റെയും സ്വകാര്യസംഘടനകളുടെയും നേതൃത്വത്തിലാണ് തീര്‍ത്ഥാടകര്‍ മക്കയിലെത്തുന്നത്. ഡല്‍ഹിയില്‍ നിന്നു‍ള്ള സംഘമാണ്‌ ആദ്യമെത്തിയത്‌.

ഇനി മുതല്‍ ദുല്‍ഹജ്ജ്‌ അഞ്ച്‌ വരെ ഹാജിമാര്‍ എത്തിച്ചേരുന്ന നാളുകളാണ്‌. പതിവുപോലെ ഈ വര്‍ഷവും വിദേശത്ത്‌ നിന്ന്‌ ഏകദേശം 17 ലക്ഷത്തോളം ഹജ്ജ്‌ തീര്‍ത്ഥാടകരെത്തുമെന്ന്‌ സൌദി ഹജ്ജ്‌ മന്ത്രാലയ സെക്രട്ട‍റി ഹാതിം ബ്നു ഹസന്‍ ഖാദി അറിയിച്ചു.

പുണ്യനഗരങ്ങളിലെത്തിയ ഹജ്ജ് തീര്‍ത്ഥാടകര്‍ എപ്പോഴും തീര്‍ത്ഥാടക പാസ്‌ കയ്യില്‍ കരുതണമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. മുത്തവിഫുമാര്‍ നല്‍കുന്ന പാസ്‌ ഇല്ലാതെ യാത്ര ചെയ്താല്‍ പൊലീസ്‌ പിടികൂടും. അപരിചിതരുടെ വാഹനങ്ങളില്‍ യാത്ര ചെയ്യരുതെന്നും ക്യാപുകളില്‍ ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും ഹജ്ജ് മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

ഭക്ഷണാവശിഷ്ടങ്ങളും മറ്റും അതിനായുള്ള പ്രത്യേക പെട്ടികളില്‍ മാത്രമിടണം. ഉടമസ്ഥരില്ലാത്ത സാധനങ്ങള്‍ എടുക്കുന്നത് മോഷണമായി കണക്കാക്കുമെന്നതിനാല്‍ തങ്ങളുടേതല്ലാത്ത ഒന്നും തീര്‍ത്ഥാടകര്‍ കൈവശം വയ്ക്കരുത്‌. ഒളിക്യാമറ വഴി തീര്‍ത്ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനമുണ്ടെന്നും ഹജ്ജ് മിഷന്‍ അറിയിച്ചു.

ഹജ്ജ് തീര്‍ഥാടകര്‍ക്കു ഹറം പള്ളിയിലും പ്രദക്ഷിണ വഴിയിലും ഇക്കൊല്ലം കൂടുതല്‍ പ്രാര്‍ഥനാ സൗകര്യമുണ്ടാകും. മഖാമു ഇബ്രാഹിമിനോടു ചേര്‍ന്നു‍ പ്രദക്ഷിണമുറ്റത്തു ബാബുല്‍ സത്തഹ്‌ കവാടത്തിനും സഫ കവാടത്തിനും ഇടയിലാണിത്‌. ഹറം പള്ളിയുടെ മുകള്‍പ്പരപ്പ്‌ ഒഴികെയുള്ള നിലകളില്‍ സ്ത്രീകള്‍ക്കു പ്രത്യേക പ്രാര്‍ഥനാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടു‍ണ്ട്‌. കഅബാലയത്തിലേക്കു പ്രവേശിക്കുന്ന തീര്‍ഥാടകരുടെ ആദ്യകവാടമായ ബാബുസലാം വിശാലമാക്കി.

ഹറം പള്ളിയുടെ വടക്കു ഭാഗത്തു സഫഫമര്‍വയുടെ പുറം ചുമരിനടിയില്‍ തുരങ്കം തീര്‍ത്തു നിര്‍മിച്ച ഈ കവാടം കഅബാലയത്തിലേക്കുള്ള എളുപ്പവഴിയാണ്‌. തിരക്കില്ലാതെ പ്രദക്ഷിണം ചെയ്യാനും മറ്റ് ആചാരങ്ങള്‍ നിറവേറ്റാനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അജിയാദ്‌ ഭാഗത്തുനിന്ന് ‍വരുന്ന തീര്‍ത്ഥാടകര്‍ക്കു ഹറം പള്ളിയില്‍ പ്രവേശിക്കുന്നതിനു മേല്‍പ്പാലവും നിര്‍മിച്ചിട്ടുണ്ട്‌. വഴിനീളെ തീര്‍ത്ഥജലപാനത്തിനും സൗകര്യമുണ്ട്‌. പ്രായമായവര്‍ക്കും രോഗികള്‍ക്കും സൗജന്യ വീല്‍ചെയറും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

പന്നിപ്പനിമൂലം വിദേശത്ത്‌ നിന്നു‍ള്ള ഹജ്ജ്‌ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ പറയത്തക്ക കുറവുണ്ടാവുമെന്ന പ്രചരണത്തെ ഹജ്ജ്‌ മന്ത്രാലയ സെക്രട്ട‍റി ഹാതിം ബ്നു ഹസന്‍ നിഷേധിച്ചു‌. വിദേശത്ത്‌ നിന്ന്‌ വിമാനം വഴിയെത്തുന്ന ഭൂരിഭാഗം തീര്‍ത്ഥാടകരും ജിദ്ദ എയര്‍പോര്‍ട്‌ വഴിയാണ്‌ പുണ്യഭൂമിലെത്തുക. ജിദ്ദക്ക്‌ പുറമേ മദീനയിലെ അമീര്‍ മുഹമ്മദ്‌ ബ്നു അബ്‌ദുല്‍ അസീസ്‌ എയര്‍പോര്‍ട്ട് വഴിയും തീര്‍ത്ഥാടകരുടെ വരവ്‌ തുടങ്ങിയിട്ടു‍ണ്ട്‌. 1580 വിമാന സര്‍വീസുകളിലായി 42,0000 തീര്‍ത്ഥാടകര്‍ ഇത്തവണ മദീന വഴിയെത്തുമെന്നാണ്‌ കണക്ക്‌.

എയര്‍പോര്‍ട്ടില്‍ യാത്രാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി കൂടുതല്‍ കൗണ്ടറുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. തിരക്ക്‌ കണക്കിലെടുത്ത്‌ സിവില്‍ ഏവിയേഷന്‍, പാസ്പോര്‍ട്ട്, കസ്റ്റംസ്‌, ആരോഗ്യവകുപ്പ്‌, ഹജ്ജ്‌ മന്ത്രാലയം എന്നീ‍ വകുപ്പുകള്‍ക്ക്‌ കീഴില്‍ സ്ഥിരം ജോലിക്കാര്‍ക്ക്‌ പുറമെ താല്‍ക്കാലിക ജോലിക്കാരെയും നിയോഗിച്ചിട്ടു‍ണ്ട്‌.

ഇവര്‍ക്ക്‌ പുറമെ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ അതാതു രാജ്യങ്ങളിലെ ഹജ്ജ്‌ മിഷന്‍ ഉദ്യോഗസ്ഥരും രംഗത്തുണ്ട്‌. തീര്‍ഥാകരുടെ സേവനത്തിനായി പ്രവേശന കവാടങ്ങളില്‍ യുണൈറ്റഡ്‌ സംസം ഓഫീസിന്‌ കീഴില്‍ 8000 പേരെ നിയമിച്ചിട്ടു‍ണ്ട്‌. ഇതിനുപുറമേ തീര്‍ഥാടകര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നതിനും മറ്റു സേവനങ്ങള്‍ക്കും മത ഔഖാഫ്‌ കാര്യാലയത്തിന്‌ കീഴിലെ ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമായിരിക്കും.

യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകരെ എയര്‍പോര്‍ട്ടി‍ല്‍ നിന്ന്‌ വേഗം മെക്കയിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ മുതവഫിന്‌ കീഴില്‍ ആവശ്യമായ ബസ്സുകളും തൊഴിലാളികളെയും എയര്‍പോര്‍ട്ടി‍ലൊരുക്കിയിട്ടു‍ണ്ട്‌. മദീന മുനിസിപ്പാലിറ്റിക്ക്‌ കീഴിലെ ഹജ്ജ്‌ സേവന പദ്ധതിക്ക്‌ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രി മുത്‌ഇബ്‌ ബ്നു അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍ അംഗീകാരം നല്‍കി. ഹറം പരിസരം, തീര്‍ത്ഥാടകരെ ധാരാളമായി കാണുന്ന സ്ഥലങ്ങള്‍ എന്നി‍വിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മുനിസിപ്പാലിറ്റിക്‌ കീഴിലെ ഹജ്ജ്‌ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ഹജ്ജ്‌ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍സിപ്പാലിറ്റിക്ക്‌ കീഴില്‍ 3000 ഉദ്യോഗസ്ഥരുണ്ടായിരിക്കുമെന്ന് മുനിസിപ്പാലിറ്റി മേയര്‍ എന്‍ജിനീയര്‍ അബ്‌ദുല്‍ അസീസ്‌ ഹുസൈന്‍ പറഞ്ഞു. ഹോട്ടലുകളിലും ഭക്‌ഷ്യവില്‍പന കേന്ദ്രങ്ങളിലും ഗോഡൗണുകളിലും കോള്‍ഡ്‌ സ്റ്റോറേജുകളിലും ആരോഗ്യ ശുചിത്വ നിരീക്ഷണം ശക്തമാക്കും. മദീനയിലേക്കെത്തുന്ന റോഡുകളിലെ വിശ്രമ കേന്ദ്രങ്ങള്‍ പരിശോധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :